ശബരിമല തിരുവോണ സദ്യ: മന്ത്രി മുരളീധരനെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന ആരോപണത്തില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സദ്യ കൊടുക്കുന്നതില്‍ വീഴ്ചയുണ്ടായില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ ജയകുമാര്‍ പറഞ്ഞു.
‘സദ്യ നടത്തുന്നത് വേണ്ടായെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡ് നേരിട്ട് ജീവനക്കാരുടെ മെസില്‍ ജീവനക്കാര്‍ക്ക് സദ്യ കൊടുക്കാനും അന്ന് അവിടെനിന്ന് ഭക്ഷണം കഴിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ആ സദ്യ കൊടുക്കാനുമാണ് തീരുമാനിച്ചത്. മെസിലെ സദ്യ മൂവായിരം ഭക്തര്‍ക്ക് കൊടുത്തു. എല്ലാ പൊലീസുകാര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കൊടുത്തു.
മൂവായിരം ഭക്തര്‍ കഴിച്ചുവെന്നതിന്റെ രേഖ കൃത്യമായി ചോദിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യാപകമായി പരാതിയുണ്ടെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല. വലിയൊരു വീഴ്ചയുണ്ടായെന്ന് ചിത്രീകരിക്കുന്നത് സത്യത്തിന് വിരുദ്ധമാണ്. മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലായിരിക്കാം. അത് ഞങ്ങള്‍ അദ്ദേഹത്തിന് വ്യക്തമാക്കും. സദ്യയെക്കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പരത്തുകയാണ്’- കെ ജയകുമാര്‍ വ്യക്തമാക്കി.
സദ്യ മുടങ്ങിയെന്ന ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കെ.മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ഏകോപനം കുറഞ്ഞോയെന്ന് പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അന്നദാനം ഉള്‍പ്പെടെയുള്ളവയ്ക്ക് നടപടിക്രമങ്ങള്‍ ഉണ്ടാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്രാടദിവസം മേല്‍ശാന്തി, തിരുവോണ ദിവസം ദേവസ്വം ജീവനക്കാര്‍, അവിട്ടത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് സദ്യ നടത്തിയിരുന്നത്. സദ്യ നടത്തുന്നവര്‍ രാവിലെയും വൈകിട്ടുമുള്ള ആഹാരം കൂടി ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് നിബന്ധന വച്ചു. എന്നാല്‍ മാത്രമേ മെസിലെ ആ ദിവസങ്ങളിലെ ബില്‍ കരാറുകാരന് കുറച്ചു നല്‍കാനാകൂ. ഇതോടെ മേല്‍ശാന്തിയും പൊലീസും സദ്യയില്‍ നിന്ന് ഒഴിഞ്ഞു. പിന്നാലെ ദേവസ്വം ജീവനക്കാരുടെ സദ്യ ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു.

