കോട്ടയം :വിദേശ നയ മേഖലയിലെ വെല്ലുവിളികൾ പരിഗണിക്കുമ്പോൾ ഇന്ത്യ തന്ത്രപരമായ പുന:ക്രമീകരണം നടത്തണമെന്ന് പ്രമുഖ നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ വേണു രാജാമണി അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ലെ കെ പി എസ് മേനോൻ ചെയർ ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ചേരിയോട് പ്രത്യേക ആഭിമുഖ്യം കാട്ടാതെയുള്ള സമീപനമാണ് രാജ്യം വിദേശനയ രൂപീകരണത്തിൽ സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ഉരുത്തിരിഞ്ഞുവരുന്ന സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കുമ്പോൾ അമേരിക്കയും ചൈനയുമായി കർക്കശവും എന്നാൽ പക്വവുമായ നയ സമീപനം രൂപപ്പെടുത്തേണ്ടതുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാസ്ഥിതി പരാമർശിച്ച അദ്ദേഹം ഏതുസമയവും പാകിസ്ഥാനുമായി സംഘർഷാവസ്ഥ രൂപപ്പെടാമെന്നും പറഞ്ഞു. ഡ്രോണുകൾ ,മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സങ്കേതങ്ങൾ ഉപയോഗപ്പെടാനുള്ള സാധ്യതയും ശ്രീ രാജാമണി ചൂണ്ടിക്കാട്ടി.അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ സങ്കീർണതകൾ എടുത്തുകാട്ടിയ രാജാമണി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നയ സമീപനങ്ങളെ തുടർന്ന് അമേരിക്കയും പരമ്പരാഗത സഖ്യകക്ഷികളും തമ്മിൽ ഉടലെടുത്ത വിശ്വാസരാഹിത്യവും ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ലിറാർ പുളിക്കലകത്ത് കോഡിനേറ്റർ ആയിരുന്നു.

