കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും സ്വന്തം തട്ടകത്തിൽ കരുത്തു കാട്ടിയപ്പോൾ ജയരാജ് എംഎൽഎക്ക് കാഞ്ഞിരപ്പള്ളി മന്ധലത്തിൽ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്.ജയരാജിന്റെ കാഞ്ഞിരപ്പള്ളി മന്ധലത്തിലെ 9 പഞ്ചായത്തുകളിൽ യുഡിഎഫ് 5 പഞ്ചായത്തുകളിൽ ഭരണം പിടിച്ചപ്പോൾ 3 ൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്.
പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല.
ഇതിൽ കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരളാ കോൺഗ്രസ് ജെ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന തോമസ് കുന്നപ്പള്ളി വിജയിക്കുകയും ചെയ്തത് ജയരാജിന് വലിയ തിരിച്ചടിയായി. ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകൾ കോൺഗ്രസും ജോസഫ് ഗ്രൂപ്പും തമ്മിൽ വച്ചുമാറിയാൽ തോമസ് കുന്നപ്പള്ളി ജയരാജിനെതിരെ നിയമസഭയിൽ മത്സരരംഗത്തിറങ്ങാൻ സാധൃതയേറെയാണ്.ഇത് ജയരാജിന് കനത്ത വെല്ലുവിളിയാകും. മുടങ്ങി കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് റോഡ് നിർമ്മാണം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായതാണ്. ജയരാജിനെതിരെ ഇടത് വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനും കോൺഗ്രസിലെ അഭിലാഷ് ചന്ദ്രൻ വിജയിച്ചതും മറ്റാരു തിരിച്ചടിയാണ്. ബിജെപി ഭരിച്ച പള്ളിക്കത്തോട് പഞ്ചായത്തിനോട് ജയരാജിന് മുദൃസമീപനമായിരുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. സിപിഎമ്മിന് 4 സീറ്റ് ലഭിച്ചപ്പോൾ കേരളാ കോൺഗ്രസ് എം ഒരു സീറ്റിൽ ഒതുങ്ങി. പാമ്പാടി ബ്ലോക്കിലെ പള്ളിക്കത്തോട് ഡിവിഷനിൽ കേരളാ കോൺഗ്രസ് എം മന്ധലം പ്രസിഡണ്ട് ജോസ് പി യെ പരാജയപ്പെടുത്തി വിജയിച്ചതും കോൺഗ്രസിലെ ജിജി അഞ്ചാനിയായിരുന്നു. ജിജിയുടെ വിജയത്തിന് പിന്നിൽ മാണി ഗ്രൂപ്പ്, ബിജെപി വോട്ടുകൾ ലഭിച്ചുവെന്നത് നാട്ടിൽ പാട്ടാണ്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കറുകച്ചാൽ പഞ്ചായത്തിലെ ഫലവും കേരളാ കോൺഗ്രസിന് ആഘാതം നല്കുന്നതാണ്.
കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാനി എന്ന പതിനാറാം വാർഡ്, ജയരാജ് ജനിച്ചുവളർന്നതും വോട്ടറുമായ വാർഡ് ആണ്. ഇതിനു മുൻപ് പഴയ വാഴൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് അദ്ദേഹത്തിന്റെ പിതാവും അവിഭിക്ത കേരള കോൺഗ്രസ് നേതാവുമായ കെ നാരായണക്കുറുപ്പാണ്.
2015 ൽ ആണ് ഈ വാർഡിൽ ആദ്യമായി ബിജെപിയുടെ വാർഡ് പ്രതിനിധി ഉണ്ടാവുന്നത്. എന്നാൽ 2020 ൽ എതിർമുന്നണി ആയിട്ടുകൂടി കോണ്ഗ്രസ്സിന്റെ സഹായത്തോടെ കേരള കോൺഗ്രസ് (എം) ജയരാജിന്റെ സഹോദരനെ നിർത്തിക്കൊണ്ട് ആ സീറ്റ് തിരിച്ചു പിടിച്ചിരുന്നു. എന്നാൽ 2025 ൽ
ഏകദേശം 48 % വോട്ടു പിടിച്ചു കൊണ്ട് ബിജെപി 146 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആ വാർഡ് പിടിച്ചെടുക്കുകയാണുണ്ടായത്. ബിജെപിയുടെ ബ്ലോക്ക് സ്ഥാനാർത്ഥിക്കും ജയരാജിന്റെ വാർഡിൽ ഒന്നാം സ്ഥാനമാണ്.
സ്വന്തം വാർഡ് മാത്രമല്ല കറുകച്ചാൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന സീറ്റുകൾ പോലും നഷ്ടപ്പെട്ട് കേരള കോൺഗ്രസ് (എം) ഇപ്പോൾ വലിയ നാണക്കേട് നേരിട്ടുകൊണ്ടിരിക്കുകയാണ്.
ചിറക്കടവ് പഞ്ചായത്തിലും ഏഴാം വാർഡിൽ കേരളാ കോൺഗ്രസിനെ വെല്ലുവിളിച്ചു കൊണ്ട് അവരുടെ റിബൽ ആയ ആന്റണി മാർട്ടിൻ 432 വോട്ടുകളുടെ വിജയമാണ് നേടിയത്.ഈ വാർഡ് സിപിഐക്ക് കൊടുക്കാൻ മുൻകൈയെടുത്തതും എംഎൽഎ ആയിരുന്നു.21 വാർഡുകളുള്ള ചിറക്കടവിൽ എൽഡിഎഫിന് 10 അംഗങ്ങൾ മാത്രമാണുള്ളത്.അതിനാൽ ഭരണം പിടിക്കാൻ ആന്റണി മാർട്ടിന്റെ കാലുപിടിക്കേണ്ട സാഹചരൃത്തിലാണ് എൽഡിഎഫ് നേതാക്കൾ.

