Spread the love

കോട്ടയം : ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ട് എൽഡിഎഫ് . ഇടതുമുന്നണിയുടെ കോട്ടയം ജില്ലയിലെ മുഖങ്ങളായ മന്ത്രി വി എൻ വാസവന്റെയും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുടെയും തട്ടകങ്ങളിൽ യുഡിഎഫ് മുന്നേറ്റം.

 

മന്ത്രി വി എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ, ഏറ്റുമാനൂർ നഗരസഭ തന്നെ യുഡിഎഫ് മികച്ച വിജയത്തോടെ നിലനിർത്തി. ആകെയുള്ള 36 സീറ്റുകളിൽ ഇരുപതും യുഡിഎഫ് നേടി. അതിരമ്പുഴ പഞ്ചായത്തിലും യുഡിഎഫ് വിജയം. ഗ്രാമപഞ്ചായത്തുകളിൽ

അയ്മനത്ത് ഇടതുഭരണം നഷ്ടമാകുന്ന അവസ്ഥയാണ്. ഇവിടെ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം അടങ്ങുന്ന ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിഫലിച്ചു എന്നുതന്നെയാണ് കണക്കാക്കുന്നത്. ദേവസ്വം മന്ത്രിയും ഏറ്റുമാനൂരിന്റെ എംഎൽഎ എന്ന നിലയിൽ വി എൻ വാസവന്റെ പ്രതിച്ഛായക്കേറ്റ മങ്ങൽ കൂടിയാണ് ഈ പരാജയം.

 

ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നിൽ ഒമ്പതിലും യുഡിഎഫ് തേരോട്ടമാണ്.വൈക്കം ആണ് ആശ്വാസം പകർന്ന ഏക ബ്ലോക്ക് പഞ്ചായത്ത്.

 

പാലാ നഗരസഭ പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് എമ്മിന്റെ കൈപ്പടിയിലാണ്. എന്നാൽ അവിടെ നിലവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണ് പാർട്ടിക്കുള്ളത്. 11 സീറ്റ് എൽഡിഎഫിനും 10 സീറ്റ് യുഡിഎഫിനും . ഇവിടെ അഞ്ചു സ്വതന്ത്രന്മാർ വിജയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുമായി ഇടഞ്ഞു ഇടതുമുന്നണി വിട്ട പുളിക്കണ്ടം ഫാമിലിയിലെ മൂന്നു പേരാണ് നഗരസഭയിലേക്ക് വിജയിച്ചത്. ഇവരുടെ നിലപാട് നിർണായകമാണ്. നഗരസഭയുടെ പ്രധാന പോസ്റ്റ് ഇവർ ചോദിക്കും എന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ ജനവിധി അംഗീകരിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

 

എൽഡിഎഫ് കോട്ടയം ജില്ലയിലെ വിജയങ്ങൾക്ക് ക്രെഡിറ്റ് നൽകിയിരുന്നത് കേരള കോൺഗ്രസ് എമ്മിന്റെ കരുത്തിനു കൂടിയാണ്.എന്നാൽ ആ ശക്തി ചോർന്നു എന്നാണ് നിലവിലുള്ള ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫിൽ ഉള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ആകട്ടെ ശക്തി തെളിയിക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതും നഗരസഭ നില മെച്ചപ്പെടുത്തി ഭരണം നിലനിർത്തിയതും സിപിഎമ്മിനും മാണി ഗ്രൂപ്പിനും കനത്ത പ്രഹരമായി. കോൺഗ്രസിൽ നിന്ന് കൂറുമാറി വന്ന ജിം അലക്സിനെ മാണി ഗ്രൂപ്പിന് അതിരംപുഴ ഡിവിഷനിൽ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത് എൽഡിഎഫിന് താലിക്കാലിക ആശ്വാസമായി . ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ടായ ജെയിസൻ ഒഴുകയിലായിരുന്നു എതിരാളി.

 

യുഡിഎഫിലേക്കുള്ള ജോസ് കെ മാണി പക്ഷത്തിന്റെ തിരിച്ചു വരവിന് കൂടി പ്രതിബന്ധം സൃഷ്ടിക്കുന്നതാണ് നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം. ഇടതുമുന്നണിയിൽ ചേക്കേറിയ ശേഷം പലതവണ യുഡിഎഫ് അനൗദ്യോഗികമായി കേരള കോൺഗ്രസ് എം നെ ക്ഷണിച്ചിരുന്നു.അപ്പോഴൊക്കെ ജോസ് കെ മാണി ക്ഷണം തള്ളുകയായിരുന്നു. എന്നാൽ പാർട്ടിക്ക് ഏറ്റ വൻ പരാജയത്തിൽ അണികളുടെ വികാരത്തിനൊപ്പം നില്ക്കേണ്ട സാഹചരൃമുണ്ടായാൽ മുന്നണി മാറ്റം അടഞ്ഞ അധൃായമല്ല. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ മാണി ഗ്രൂപ്പിന് ആ ‘മൂല്യം നൽകുമോ എന്ന് കണ്ടറിയണം. കെഎം മാണി യുടെ പാർട്ടി ഇല്ലാതെ യുഡിഎഫ് കോട്ടയം ജില്ലയിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ മാണി ഗ്രൂപ്പിന് പഴയ പ്രതാപത്തിലുള്ള സ്വീകരണം ഇനി ലഭിക്കണമെന്നില്ല.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ മുന്നേറ്റം നടത്തിയെങ്കിലും ജോസ് കെ മാണിക്ക് പാലായിൽ വിജയിക്കാൻ ആയില്ല.ഇടതുമുന്നണിയിലെ പ്രത്യേകിച്ച് സിപിഎമ്മിലെ ഒരു വിഭാഗം സഹകരിച്ചില്ല എന്ന ആക്ഷേപം എന്ന് കേട്ടിരുന്നു. പക്ഷേ ഇക്കാര്യത്തിൽ തുടർ പരിശോധനയോ തിരുത്തലുകളോ ഉണ്ടായില്ല എന്നാണ് അറിയുന്നത്. ഫലത്തിൽ

ഇടതുമുന്നണി പ്രവേശനത്തിൽ ജോസ് കെ മാണിക്ക് വ്യക്തിപരമായി നേട്ടം ഒന്നുമുണ്ടായില്ല. ഇടത് മുന്നണിയിൽ വന്ന് വിജയിച്ച് സംസ്ഥാന മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞില്ല. അതേസമയം മാണി ഗ്രൂപ്പിനെ എൽഡിഎഫില്‍ എത്തിച്ച വി എൻ വാസവൻ ഇടതു മന്ത്രിസഭയിലെ കനമുള്ള വകുപ്പുകൾ ഉള്ള മന്ത്രിയായി മാറുകയും ചെയ്തു.

എന്നാൽ വാസവനും യുഡിഎഫിന്റെ ജില്ലയിലെ തേരോട്ടം പരാജയ കാലമായി മാറി. ശബരിമല സ്വർണ്ണകൊള്ളയുൾപ്പെടെ ഭരണ വിരുദ്ധ വികാരമാണ് ജനവിധി നിശ്ചയിച്ചത്.