Spread the love

തിരുവനന്തപുരം: പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുകയാണ് ക്രൈംബ്രാഞ്ച്. വിവരങ്ങള്‍ ചോര്‍ന്നതാണ് രാഹുലിനെ പിടികൂടുന്നതിന് പിടികൂടുന്നതിന് താമസം നേരിട്ടതെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.ആദ്യപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയായിരുന്നു. ബാംഗ്‌ളൂരില്‍ രാഹുലിന് ഉന്നതരുടെ സംരക്ഷണം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ പലരും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. വിശാലമായ ഫാം ഹൗസ് പോലുളള ഇടങ്ങളില്‍ പോലീസിനെ വെട്ടിച്ചുകടക്കാന്‍ എളുപ്പമാണ്. കര്‍ണാടകയില്‍ നിന്നും തെലങ്കാനയിലേക്കോ മറ്റോ കടന്നിരിക്കാനുളള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. രാഹുല്‍ ഒളിവിലാണെങ്കിലും നിയമ വഴികളില്‍ ചടുല നീക്കമാണ്. ഹൈക്കോടതിയിലും ജില്ലാ കോടതിയിലും പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. വിദഗ്ധ നിയമോപദേശവും രാഹുലിന് തുണയാകുന്നതായി സംശയമുണ്ട്.

കഴിഞ്ഞ 11 ദിവസമായി രാഹുല്‍ പൊലീസിന്റെ കൈയില്‍പ്പെടാതെ കടക്കുകയാണ് പ്രമുഖരടക്കമുള്ളവര്‍ രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തിയ ഉടന്‍ രാഹുല്‍ പാലക്കാട് നിന്ന് മുങ്ങിയിരുന്നു. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ ഒളിവില്‍ കഴിഞ്ഞ രാഹുല്‍ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

അതേസമയം, രാഹുലിനെതിരായ ആദ്യപരാതിയില്‍ ഹൈക്കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാല്‍ രണ്ടാമത്തെ പരാതിയില്‍ അറസ്റ്റിന് തടസമില്ലെന്നാണ് തിരുവനന്തപുരം ജില്ലാ ഡിവിഷന്‍സ് കോടതിയുടെ ഉത്തരവ്. ആദ്യകേസില്‍ തിരുവനന്തപുരം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു 15വരെ അറസ്റ്റ് തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിനായി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയാണ് നേരിട്ട് ഹാജരായത്.

രണ്ടാമത്തെ കേസില്‍ പോലീസ് റിപ്പോര്‍ട്ട് കിട്ടാതെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്ന പ്രോസിക്യൂട്ടര്‍ കെ.വേണിയുടെ ആവശ്യം സെഷന്‍സ് കോടതി ജഡ്ജി അനസ്.വി അംഗീകരിക്കുകയായിരുന്നു. നാളെ ( MONDAY) വാദം കേള്‍ക്കും.