പി.വി.അന്‍വറിന്റെ ടിഎംസിയുടെ യുഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പി.വി അന്‍വറും പാര്‍ട്ടിയും യുഡിഎഫില്‍ എത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് യുഡിഎഫ് പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പി.വി.അന്‍വറിനെ മുന്നണിയില്‍ അംഗമാക്കരുതെന്നാണ് മലപ്പുറത്തെ നേതാക്കളുടെ നിലപാട്.
കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്ന പി.വി. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കുന്നതിനോട് മലപ്പുറത്ത് നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടക്കം മുതല്‍ തന്നെ യോജിപ്പുണ്ടായിരുന്നില്ല. മുന്നണിയുടെ പൊതു തീരുമാനം എന്ന നിലയില്‍ അന്‍വറിനെ ഉള്‍ക്കൊളളണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുമ്പോള്‍തന്നെ അത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുമതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍, ആര്യാടന് ഷൗക്കത്ത് എന്നിവരുടെ നിലപാടാണ് നിര്‍ണായകമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറുമായി കൈകോര്‍ത്താല്‍ വിജയത്തിന്റെ ക്രെഡിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുപോകും. സീറ്റ് കിട്ടാത്തതിലും മറ്റും അതൃപ്തരായ പാര്‍ട്ടി പ്രാദേശിക പ്രവര്‍ത്തകര്‍ അന്‍വറിനൊപ്പം പോകും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അന്‍വറിനെ ഉള്‍പ്പെടുത്തിയാല്‍ ഇതൊഴിവാക്കാമെന്നുകൂടി മനസിലാക്കിയാണ് മലപ്പുറത്തെ നേതൃത്വം അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നിലപാടെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന യു.ഡി.എഫ് യോഗം പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പച്ചക്കൊടി വീശിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം തേടിയ ശേഷം പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയാണ് യുഡിഎഫ് യോഗം പിരിഞ്ഞത്. എന്നാല്‍ സ്വന്തം തട്ടകമായ മലപ്പുറത്ത് നിന്നുളള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് അന്‍വറിന് ഇപ്പോള്‍ വിനയായത്.

