Spread the love

കാഞ്ഞിരപ്പള്ളി: പ്രവാചകനായ മുഹമ്മദ് നബിയുടെ വിശുദ്ധി കളങ്കപ്പെടുത്തുന്ന തരത്തിലുള്ള “പ്രവാചകൻ്റെ മുടി വളരുന്നു” എന്ന രീതിയിലുള്ള പ്രസ്താവനകളുടെ മറവിൽ തിരുകേശ കച്ചവടം നടത്തുന്നത് മതത്തിനും സമൂഹത്തിനും നേരെയുള്ള തുറന്ന വെല്ലുവിളിയാണെന്ന് ഐ.എസ്.എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

പ്രവാചകന്റെ മഹത്വത്തെയും വിശുദ്ധിയെയും അപമാനിക്കുന്ന തരത്തിലുള്ള കച്ചവട നിലപാടുകൾ മുസ്ലിം സമൂഹത്തിന് ഒരിക്കലും അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ഇസ്ലാമിക വിശ്വാസങ്ങളോട് തുറന്ന അവഹേളനമായി മാറുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ സമൂഹം ജാഗ്രതയോടെ പ്രതികരിക്കണമെന്നും, മതത്തിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളും അനാചാരങ്ങളും പൊതുവെ തുറന്നുകാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ തന്റെ പ്രസ്താവന ഉടൻ പിൻവലിക്കുകയും പൊതുവായി മുസ്ലിം സമൂഹത്തോടും വിശ്വാസികളോടും മാപ്പ് പറയുകയും വേണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് അദ്ദേഹം തയ്യാറാകേണ്ടിവരുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

മണ്ഡലംപ്രസിഡണ്ട് ഫാസിൽ ഹസൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.എ.നജീബ്, എൻ. വൈ.ജമാൽ,സിദ്ദിഖ് യൂസഫ് എന്നിവർ പ്രസംഗിച്ചു