Spread the love

കുറവിലങ്ങാട്: എം സി റോഡില്‍ ചീങ്കല്ലേല്‍ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടതീവ്രത കുറച്ചത് തേക്കുമരം.

ഇന്ന്‌ വെളുപ്പിന് രണ്ട് മണിയോടെ അമിത വേഗതയില്‍ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡ് വക്കില്‍ നിന്നിരുന്ന തേക്കു മരത്തില്‍ ഇടിച്ച് ചെരിഞ്ഞ് വീഴുക ആയിരുന്നു. തേക്ക് മരത്തില്‍ തട്ടിയില്ലായിരുന്നുവെങ്കില്‍ ബസ് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ് വന്‍ അപകടം ഉണ്ടായേനെ. ഇതിന് തൊട്ട് ചേര്‍ത്താണ് മോനിപ്പിള്ളി തോടും ഒഴുകുന്നത്.

കഴിഞ്ഞ 23ന് കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും കന്യാകുമാരി,ചെങ്കല്‍,തിരുവനന്തപുരം,വര്‍ക്കല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ട ഇരിട്ടി പേരാവൂര്‍ സ്വദേശികള്‍ ആണ് തിരികെ പോകുന്ന വഴി അപകടത്തില്‍ പെട്ടത.് അപകടത്തില്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശിനി സന്ധ്യ പ്രദീപ് ആണ് (45) തല്‍ക്ഷണം മരിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ 18 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. 29 പേര്‍ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയില്‍ ആണ്.