Spread the love

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സിപിഐ ആലോചിക്കുന്നതായി സൂചന. അങ്ങനെ സംഭവിച്ചാല്‍ മാസങ്ങളോളം മന്ത്രിസഭാ യോഗത്തില്‍നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നത് സിപിഐയെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി സിപിഐ നേതൃത്വം ഈ വിഷയം സംസാരിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎം പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആലപ്പുഴയില്‍ ചേരുന്ന സിപിഐ എക്സിക്യൂട്ടീവില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും.

അതേസമയം, ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം പറയുന്നു. മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ വാതില്‍ തുറന്നുകിടക്കുകയാണ്. എല്‍ഡിഎഫിന് ആശയ അടിത്തറയുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ വിഷയം ചര്‍ച്ചചെയ്യാനുള്ള നിര്‍ണായക നീക്കത്തിലാണ് സിപിഎമ്മും. ഇന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും. വിഷയത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങാനുള്ള സാദ്ധ്യത തന്നെയാണ് കാണുന്നത്.