ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. 22കാരിയായ ശാലിനിയും 34കാരിയായ ആഷു എന്ന ശൈലേന്ദ്രയുമാണ് മരിച്ചത്.
ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം കുത്തേറ്റ ശാലിനിയുടെ ഭര്‍ത്താവ് 23 കാരനായ ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) നിധിന്‍ വല്‍സന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. പ്രണയ ബന്ധത്തിലുള്ള പ്രശ്നങ്ങളേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആശു പെട്ടെന്ന് അവിടെയെത്തി ആകാശിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ആദ്യ പ്രഹരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആകാശിന് സാധിച്ചു. എന്നാല്‍ ഇ-റിക്ഷയില്‍ ഇരുന്ന ശാലിനിയുടെ നേരെ ആശു തിരിഞ്ഞു. അവളെ ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
‘ആകാശ് അവളെ രക്ഷിക്കാന്‍ ഓടിയെത്തി, പക്ഷേ അയാള്‍ക്കും കുത്തേറ്റു. എന്നിരുന്നാലും, അയാള്‍ ആഷുവിനെ കീഴടക്കി. കയ്യേറ്റത്തിനിടെ കത്തി പിടിച്ചുപറിക്കുകയും കുത്തുകയും ചെയ്തു,’ ഡിസിപി പറഞ്ഞു.
ശാലിനിയുടെ സഹോദരന്‍ രോഹിതും ചില പ്രദേശവാസികളും ചേര്‍ന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെവെച്ച് ശാലിനിയും ആഷുവും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം അന്വേഷണത്തില്‍ മരണസമയത്ത് ശാലിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ ഭാഗത്ത് പൂര്‍ണ്ണമായി പൊതുജനങ്ങള്‍ കാണുന്നിടത്താണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വിവാഹിതരും രണ്ട് കുട്ടികളുടെ മാതാപിതാക്കളുമാണ് ശാലിനിയും ആകാശും. ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ വീണ്ടും ഒരുമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആകാശുമായി അകന്നുകഴിഞ്ഞ നാളുകളില്‍ ശാലിനി ഡല്‍ഹിക്ക് പുറത്ത് ആഷുവുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ശാലിനി ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയത് ആഷുവിനെ പ്രകോപിപ്പിച്ചു. ശാലിനിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്നടക്കം ഇയാള്‍ അവകാശപ്പെട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു.

