Spread the love

പാലാ: ചേപ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വനിതാ ഡോക്ടർ ഷേബാ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍ – 34) നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് സുബിന്‍ പി. വര്‍ഗീസ്. വിശ്രമമില്ലാത്ത ജോലിഭാരവും വകുപ്പ് മേധാവിയുടെ കടുംപിടുത്തവുമാണ് ഷേബയുടെ മരണത്തിന് കാരണമായതെന്ന് സുബിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

‘ശാരീരികമായി അത്രമേല്‍ തളര്‍ന്നിട്ടും വീട്ടിലേക്ക് വരാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഒന്ന് വിശ്രമിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലും അവിടെ നിന്ന് തന്നെ സോപ്പും തോര്‍ത്തും വാങ്ങി കുളിച്ച് അവള്‍ വീണ്ടും ഡ്യൂട്ടിക്ക് കയറി. ഈ ജോലി എനിക്ക് വയ്യ എന്ന് അന്ന് സങ്കടത്തോടെ അവള്‍ എന്നോട് പറഞ്ഞിരുന്നു,’ – സുബിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭര്‍ത്താവിന്റെ പോസ്റ്റ്

യാത്രപറയാതെ പോയ എന്റെ പ്രിയപ്പെട്ടവള്‍ക്ക്…

?കഴിഞ്ഞ 6 വര്‍ഷം എനിക്ക് വേണ്ടി മാത്രം ജീവിച്ചവള്‍… എന്റെ സന്തോഷങ്ങളില്‍ നിഴലായി കൂട്ടുനിന്നവള്‍… ഇന്ന് അവള്‍ ഓര്‍മ്മയായി. ഒരൊറ്റ വാക്കുപോലും പറയാതെ, എന്നെ തനിച്ചാക്കി അവള്‍ യാത്രയായി.

?കഴിഞ്ഞ ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ട ഡ്യൂട്ടി കഴിഞ്ഞ് വീണ്ടും ഒരു ഡ്യുട്ടി കൂടി എടുത്ത്

തളര്‍ന്നു വശംകെട്ടാണ് അവള്‍ ഹോസ്റ്റലിലെത്തിയത്. വീട്ടിലേക്ക് വരാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നെങ്കിലും HOD സമ്മതിച്ചില്ല. ഒന്ന് വിശ്രമിക്കാന്‍ പോലും വയ്യാത്തത്ര ശാരീരിക തളര്‍ച്ച ഉണ്ടായിട്ടും, അവിടെ നിന്ന് തന്നെ സോപ്പും തോര്‍ത്തും വാങ്ങി കുളിച്ച് അവള്‍ വീണ്ടും ഡ്യൂട്ടിക്ക് കയറി. ‘ഈ ജോലി എനിക്ക് വയ്യ’ എന്ന് അന്ന് സങ്കടത്തോടെ അവള്‍ എന്നോട് പറഞ്ഞിരുന്നു. ‘തിരികെ പോര് മോളെ’ എന്ന് ഞാന്‍ പറഞ്ഞപ്പോഴും, തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് എങ്ങനെ ഇറങ്ങി വരും എന്നായിരുന്നു അവളുടെ ചിന്ത.

?ശനിയാഴ്ച പകല്‍ അവള്‍ സന്തോഷവതിയായിരുന്നു. പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങി നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചു തന്നു. രാത്രി വീഡിയോ കോളില്‍ വന്നപ്പോഴും എന്നോടുള്ള സ്‌നേഹവും ജോലിയുടെ കഷ്ടപ്പാടുകളും അവള്‍ പങ്കുവെച്ചു. ‘സുമോനെ ഉമ്മ, ലവ് യു…’ എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ അത് ഞങ്ങളുടെ അവസാനത്തെ സംസാരമായിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

?ഞായറാഴ്ച രാവിലെ പതിവ് കോള്‍ വരാത്തതുകൊണ്ട് ഞാന്‍ മോളെ വിളിച്ചു അപ്പോള്‍ എടുത്തില്ല തുടരെ വിളിച്ചു എടുത്തില്ല പരിഭ്രമിച്ച് ഞാന്‍ അവിടുത്തെ സിസ്റ്ററെ വിളിച്ചു. അവര്‍ റൂമിന് മുന്നിലെത്തി വാതിലില്‍ മുട്ടുന്നതും, പിന്നീട് വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഫോണിലൂടെ കേട്ടപ്പോള്‍ എന്റെ ഉള്ളുലഞ്ഞു. ഒടുവില്‍ വാതില്‍ തുറന്ന് അവളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എന്റെ പൊന്നുമോള്‍ എന്നെ വിട്ടുപോയിരുന്നു.

?എല്ലാവര്‍ക്കും ഒരേ മനക്കരുത്ത് ഉണ്ടാകില്ല. പത്തനംതിട്ടയിലേക്ക് ഒരു മാറ്റത്തിന് വേണ്ടി അവള്‍ ഒരുപാട് ശ്രമിച്ചിരുന്നു, എനിക്കൊപ്പം ഇരിക്കാന്‍ അവള്‍ അത്രമേല്‍ കൊതിച്ചിരുന്നു. വിശ്രമമില്ലാത്ത ഡ്യൂട്ടികള്‍ നല്‍കി അവളെ തളര്‍ത്തിയവര്‍ ഒന്നോര്‍ക്കുക… ബുധനാഴ്ചത്തെ ആ ഡ്യൂട്ടി കഴിഞ്ഞ് അവളെ വീട്ടില്‍ വരാന്‍ അനുവദിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ ആ ഞായറാഴ്ച അവള്‍ക്ക് വിശ്രമം നല്‍കിയിരുന്നെങ്കില്‍ ഇന്ന് അവള്‍ എന്റെ കൂടെ ഉണ്ടായേനെ.

?കഴിഞ്ഞ ആഴ്ച അവള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ കുത്തിവയ്പ്പ് (Vaccination) എടുത്തിരുന്നു. ഇത്തരം വാക്‌സിനുകള്‍ എടുത്ത ശേഷം ചിലരില്‍ മാനസികമായ അസ്വസ്ഥതകളോ തളര്‍ച്ചയോ ഉണ്ടാകാമെന്ന് അറിയുന്നു. അമിതമായ ജോലിഭാരവും ശാരീരിക തളര്‍ച്ചയും ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ അവള്‍ക്ക് താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.

?ജോലിഭാരവും മാനസിക തളര്‍ച്ചയും ഒരു മനുഷ്യനെ എത്രത്തോളം തകര്‍ക്കുമെന്നതിന്റെ തെളിവാണ് എന്റെ ഈ നഷ്ടം. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചവളായിരുന്നു അവള്‍, പക്ഷേ ഇതിനെ അതിജീവിക്കാന്‍ അവള്‍ക്കായില്ല.

?നീ തന്ന സ്‌നേഹവും ഓര്‍മ്മകളും മാത്രം ബാക്കിയാക്കി നീ പോയി. എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഒരായിരം ഉമ്മകള്‍. നിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ??