Spread the love

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തില്‍ എന്ന ഗായിക.
ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സൃഷ്ടി സ്ഥിതി സംഹാരം’ എന്ന ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ച് ഗാനം ആലപിച്ചതോടെയാണ് ശ്യാമ കളത്തില്‍ ശ്രദ്ധേയയായത്.

സംഗീത ചക്രവര്‍ത്തി നെയ്യാറ്റിന്‍കര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ കളത്തില്‍ സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായി. തുടര്‍ന്ന് പരമശിവ മേനോന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സംഗീതത്തിലെ നാട്ടുവാങ്കവും നേടിയെടുത്തു. തുടര്‍ന്ന് ആകാശവാണിയില്‍ ശ്രദ്ധേയമായ ലളിത ഗാനങ്ങള്‍ ആലപിച്ചതോടെ ശ്യാമ കളത്തില്‍ കൂടുതല്‍ ശ്രദ്ധേയയായി.

സംഗീത കച്ചേരികളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള ശ്യാമ സംഗീതപ്രതിഭകളുമായി ചേര്‍ന്ന് വിദേശത്തും നാട്ടിലുമായി നിരവധി സംഗീത സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ശ്യാമ കൂടുതല്‍ ശ്രദ്ധേയയാകുകയും ചെയ്തു.

ലളിതഗാനം, ഭക്തി ഗാനങ്ങള്‍, സംഗീത പാരായണം എന്നീ സംഗീത മേഖലകളില്‍ കൂടുതല്‍ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശ്യാമ കളത്തില്‍ ബെന്നി പി.തോമസിന്റെ ‘സൃഷ്ടി സ്ഥിതി സംഹാരം’ എന്ന പുതിയ ചിത്രത്തിലൂടെ സിനിമാ സംഗീത മേഖലയിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമാ മേഖലയില്‍ ഒരു ഗായികയായും സംഗീത സംവിധായികയായും അറിയപ്പെടാനാണ് ശ്യാമ കളത്തിലിന്റെ ആഗ്രഹം. അതിനായി തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ശ്യാമ കളത്തില്‍ അറിയിച്ചു.

പി.ആര്‍.ഒ:- അയ്മനം സാജന്‍