കാസർകോട് : മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് ഇവർ വിഷം കഴിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. തങ്ങൾക്ക് ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. വീട്ടുമുറ്റത്ത് വൈകുന്നേരത്തോടെ വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

