ഏറ്റുമാനൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയില്‍ വീട്ടില്‍ ഗോപാലന്‍ മകന്‍ നിഖില്‍ കെ. ജി. (33) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
24-09-2025 വൈകുന്നേരം 7.30 ഓടെ ഏറ്റുമാനൂര്‍ കിഴക്കുംഭാഗം മന്നത്തൂര്‍ കോളനി ഭാഗത്ത് വീടിന്റെ ഹാളില്‍ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടു പവനോളം തൂക്കം വരുന്നതും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ (1,75,000/) വില വരുന്നതുമായ സ്വര്‍ണമാല പൊട്ടിച്ചുകൊണ്ടു പോവുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതിയായ നിഖിലിനെ കാണ്മാനില്ല എന്ന നിഖിലിന്റെ ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കവേ എറണാകുളം ജില്ലയില്‍ പള്ളിമുക്ക് എന്ന സ്ഥലത്ത് വെച്ച് അന്വേഷണസംഘം പ്രതി നിഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ എട്ടു മാസക്കാലമായി പ്രതി സംഭവസ്ഥലത്തിനടുത്ത് തന്നെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

