Spread the love

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും.
പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പാലാ രൂപതാദ്ധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.

1950-ല്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിനാല്‍ സ്ഥാപിതമായ സെന്റ് തോമസ് കോളേജ് നാക് ഗ്രേഡിംഗില്‍ ഉയര്‍ന്ന സ്‌കോറോടെ എ++ അംഗീകാരം കരസ്ഥമാക്കിയും ഓട്ടോണമസ് പദവി നേടിയും പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം നല്കിയും ചരിത്രപരമായ നേട്ടങ്ങളിലൂടെയും മുന്നേറ്റത്തിലൂടെയാണ് ജൂബിലി വര്‍ഷം പിന്നിടുന്നത്. വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലും കലാസാഹിത്യ മേഖലകളിലും ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കായിക ലോകത്തും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനം ചെലുത്തിയ അതുല്യപ്രതിഭകളെ ലോകത്തിനു സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ പാരമ്പര്യം അഭംഗുരം നിലനിര്‍ത്തുവാന്‍ കോളേജിന് ഇന്നും സാധിക്കുന്നു എന്നത് അഭിമാനകരമാണ്.

16 ബിരുദ പ്രോഗ്രാമുകളും 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 11 ഗവേഷണ കേന്ദ്രങ്ങളുമായി കാലത്തിനൊപ്പം മികവോടെ മുന്നേറുവാനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതനിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കുവാനും കോളേജ് സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നു.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ളതും വിപുലവുമായ ലൈബ്രറി ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്. ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ്പൂള്‍ ഉള്‍ക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്സും ഓപ്പണ്‍ ജിംനേഷ്യവും വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും ഏറെ പ്രയോജനപ്രദമാണ്.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍ പ്രയാണത്തിലൂടെ ആരോഗ്യ പരിപാലനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശം കേരളത്തിലെ മുഴുവന്‍ ജില്ലകളിലും എത്തിക്കാന്‍ കഴിഞ്ഞു. ദേശീയതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ വ്യക്തിത്വങ്ങളുടെയും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കിയ ലൂമിനാരിയ വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശനമേളയും കോളേജിന്റെ യശസ്സുയര്‍ത്തുന്നതായിരുന്നു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ സ്വന്തമായുള്ള പാലാ സെന്റ് തോമസ് കോളേജിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിലൂടെ അവിസ്മരണീയമായ മറ്റൊരു ദിനം കൂടി സ്വന്തമാവുകയാണ്.