Spread the love

കോട്ടയം : ശബരിമല അയ്യപ്പ സംഗമത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ എൻഎസ്എസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗം മാറ്റി. പ്രാധാന്യമുള്ള അജണ്ടയുമായി നിശ്ചയിച്ച യോഗം ഇങ്ങനെ മാറ്റിവെക്കേണ്ടിവരുന്നത് വളരെ അപൂർവമാണ്.

അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുത്ത ശേഷം വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പല കരയോഗങ്ങളും പരസ്യമായി രംഗത്തുവന്നു. ഫ്ലക്സുകളും ബാനറുകളും ഉയരുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ പല ആരോപണങ്ങളും ജനറൽ സെക്രട്ടറിക്കെതിരെ ഉയരുകയും ചെയ്തു.

അതിനുശേഷമാണ് ശബരിമലയിലെ സ്വർണ്ണ പാളി വിവാദമുയർന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഇക്കാര്യത്തിൽ പ്രതികരിച്ചുവെങ്കിലും പെരുന്ന നിശബ്ദമായിരുന്നു. സ്വർണ്ണ പാളി അറ്റകുറ്റപ്പണിക്കിടയിൽ നഷ്ടം വന്നത് വലിയ വിവാദമായിട്ടും കഴിഞ്ഞ ദിവസം ചേർന്ന വിജയദശമി സമ്മേളനത്തിൽ സുകുമാരൻ നായർ പ്രതികരിച്ചില്ല. ഇക്കാര്യങ്ങളിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായാണ് എൻഎസ്എസ് ആസ്ഥാനത്ത് യോഗം വിളിച്ചു ചേർത്തത്.

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കുകയും സർക്കാരിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തത് ഏകപക്ഷീയ നിലപാടാണെന്ന് പല കരയോഗങ്ങളും വിമർശനം ഉയർത്തിയിരുന്നു.ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരയോഗത്തിന് നോട്ടീസ് നൽകിയത്.യോഗം മാറ്റിവെച്ചതിന് എൻഎസ്എസ് നൽകുന്ന വിശദീകരണത്തിനു ഉപരിയായി യോഗത്തിൽ ഉയർന്നേക്കാവുന്ന വിമർശനം കൂടി ഭയന്നാണ് നീട്ടിവെച്ചതെന്നാണ് സൂചന.

സ്വർണ്ണ വിവാദം പുതിയ തലത്തിലേക്ക് എത്തിനിൽക്കുമ്പോൾ എൻഎസ്എസ് പ്രതിനിധികൾ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർത്താനുള്ള സാഹചര്യം ഉണ്ട്.

 

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ 11 മണിക്കാണ് യോഗം ചേരാനായിരുന്നു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച്‌ എടുത്ത നിലപാടുകള്‍ സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ചില യൂണിയൻ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.