Spread the love

/

സർക്കാർ വിലാസം ഭക്തസംഘം എന്ന തലക്കെട്ടിൽ അയ്യപ്പ സംഗമത്തിനെക്കുറിച്ച് സമസ്ത മുഖപത്രം സുപ്രഭാതം എഴുതിയ എഡിറ്റോറിയൽ ചർച്ചയായി .മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം ചുവടെ

 

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന ബോധ്യം കുറച്ചുകാലമായി കേരളത്തിലെ സി.പി.എമ്മിനുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍തന്നെ മുമ്പ് അക്കാര്യം വ്യക്തമാക്കിയതുമാണ്. അപ്പോഴും തങ്ങളുടെ വര്‍ഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താല്‍ ഭദ്രമാണെന്ന് തോന്നിപ്പിക്കാന്‍ സി.പി.എമ്മിന്, വിശിഷ്യാ പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍, എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാര്‍ വിലാസം പരിപാടിയായ ആഗോള അയ്യപ്പസംഗമവും അതുവഴി മത-സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയും. കേരളത്തിന്റെ മതേതര മനസിനെ നിരന്തരം മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കൈയിട്ടാണ് ഈ അപകടക്കളിയെന്നതും കാണാതെപോകരുത്.  മതസൗഹാര്‍ദവും സാഹോദര്യവുമൊന്നും കേരളം കടന്നാല്‍ കണികാണാന്‍ കിട്ടില്ലെന്നാണ് കാലങ്ങളായി ഇന്നാട്ടിലെ ഇടതുനേതാക്കളും ബുദ്ധിജീവികളുമൊക്കെ വലിയ വായില്‍ പറയുന്നത്. എന്നാല്‍ മതവിശ്വാസത്തിലും ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേരളത്തിനു തൊട്ടുകിടക്കുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മുഖ്യമന്ത്രിമാര്‍ കൈക്കൊള്ളുന്ന നെഞ്ചുറപ്പുള്ള നിലപാടുകളുമായി തുലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടും ഇടതുസര്‍ക്കാരിന്റെ ഇരട്ടത്താപ്പ്.

 

 

പിണറായി സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കര്‍ണാടകയില്‍ ദസറ ആഘോഷങ്ങള്‍ക്കു തുടക്കമായത്. എഴുത്തുകാരിയും ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആയിരുന്നു ദസറ മഹോത്സവത്തിന് തിരിതെളിച്ചത്. ഒരു മുസ്‌ലിം വനിത, ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് സംഘ്പരിവാര്‍ സംഘടനകള്‍ കര്‍ണാടകയില്‍ നടത്തിയത്. ബാനു മുഷ്താഖിനെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിവരെ അവര്‍ പോയെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ തരിമ്പും കുലുങ്ങിയില്ല. ഉദ്ഘാടനവേദിയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞവാക്കുകള്‍ കേരളം കേള്‍ക്കേണ്ടതാണ്: ‘ബാനു മുഷ്താഖ് മുസ്‌ലിം സ്ത്രീയായിരിക്കാം. അതിലുപരി അവരൊരു മനുഷ്യനാണ്. നമ്മളൊക്കെ ഉള്‍ക്കൊള്ളുന്ന മനുഷ്യസമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയാണ് വേണ്ടത്, വെറുക്കുകയല്ല’.

തമിഴ്‌നാട്ടില്‍ നബിദിന സംഗമത്തില്‍ പങ്കെടുത്തതിന്റെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുറിച്ചത് ഇങ്ങനെ: ന്യൂനപക്ഷ സഹോദരങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കോട്ടകണക്കെ കൂടെ, ദ്രാവിഡമുന്നേറ്റ കഴകമുണ്ടാകും’.

ഈ നിലപാടുകളുടെ വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ട് അയ്യപ്പസംഗമത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നതെന്തെല്ലാമെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും ഇടതുസര്‍ക്കാരിന്റെ യഥാർഥ മുഖം.

മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തില്‍ തൊട്ടടുത്തിരുത്തി ആനയിച്ചാണ് പിണറായി വിജയന്‍ അയ്യപ്പ സംഗമവേദിയിലെത്തിയത്. രാജ്യത്ത് വര്‍ഗീയവിഷം വമിപ്പിക്കുന്നതില്‍ മുന്നിലുള്ള യോഗി ആദിത്യനാഥിനെ സംഗമത്തിലേക്ക് ക്ഷണിച്ചതും ഏതുതരം* ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദനെങ്കിലും നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കണം

അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ്  അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ ‘ഇടതു മതേതര മന്ത്രി’യോ മറന്നില്ലെന്നതും ശ്രദ്ധേയം!