അമ്മയിലെ പോര് രൂക്ഷമാകുന്നതിനിടെ രാജിസന്നദ്ധയായി പ്രസിഡന്റ് ശ്വേത മേനോന്
താരസംഘടനയായ ‘അമ്മ’യിലെ പോര് രൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധതയുമായി പ്രസിഡന്റ് ശ്വേത മേനോന്. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്നാണ് ശ്വേതയുടെ നിലപാട്. നിര്‍വാഹക സമിതിയില്‍ ചിലര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നതായും ശ്വേത ആരോപിക്കുന്നു. ജനറല്‍ സെക്രട്ടറിയും ട്രഷററും ചേര്‍ന്നാണ് സംഘടനയുടെ നിയന്ത്രണം. അന്‍സിബയുടെ ഉയര്‍ത്തിയ പ്രശ്നം വ്യക്തിപരമായിരുന്നു. അതില്‍ സംഘടനയ്ക്ക് ചെയ്യാന്‍ ഒന്നുമില്ലെന്നും ശ്വേത വിശദീകരിച്ചു.
അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അന്‍സിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അന്‍സിബ വെളിപ്പെടുത്തിയത്. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നീന ഭാരവാഹികള്‍ക്ക് പരാതി നല്‍കിയത്.
അന്‍സിബയ്ക്കെതിരെ കേസ് നല്കിയ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ ടിനി ടോമിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അന്‍സിബ തനിക്കയച്ച മെസേജ് തന്റെ കുടുംബത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബസംഗമത്തിന് ക്ഷേത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് തര്‍ക്കമായപ്പോള്‍ മതതീവ്രവാദം ആരോപിച്ചത് അന്‍സിബയാണ്. അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തര്‍ക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങള്‍ പറയുന്നു.

