Spread the love

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയില്‍ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.

‘ലോകത്തിലെ ഉന്നത നേതാക്കള്‍ പോലും ആഗോള കാര്യങ്ങളില്‍ മോദിയുടെ ഉപദേശം തേടാറുണ്ട്. ലോക നേതാക്കളില്‍ നിന്ന് ജന്മദിനത്തിന് ഇത്രയധികം വ്യക്തിപരമായ കോളുകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിട്ടില്ല’- രാജ്നാഥ് സിംഗ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം മോദിയുടെ പ്രവര്‍ത്തന ശൈലിയുടെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിയാലോചിച്ചിരുന്നുവെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

2013ല്‍ മോദിയെ പ്രചാരണ കണ്‍വീനറായും പിന്നീട് പാര്‍ലമെന്ററി ബോര്‍ഡിന്റെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ബിജെപി പ്രഖ്യാപിച്ചത് എങ്ങനെയെന്ന് പ്രതിരോധ മന്ത്രി ഓര്‍മ്മിച്ചു. അന്നത്തെ രാജ്യത്തിന്റെ സാഹചര്യങ്ങള്‍ മോദിയുടെ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’2014ലെ പ്രചാരണ വേളയില്‍ ഞങ്ങള്‍ പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്തു. മോദിക്ക് പൂര്‍ണ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് അതത്രയും ഉറപ്പില്ലായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തൊന്നും ഒരു ഒഴിവുമില്ല. 2029, 2034 വര്‍ഷങ്ങളിലും അതിനുശേഷവും മോദി ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായി തുടരും’- രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.