കോട്ടയം: അയ്യപ്പ സംഗമം വിജയിപ്പിക്കാനും അതുവഴി നഷ്ടപ്പെട്ട ഹിന്ദു വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ വിവാദം മുറുകുന്നു. സംഗമം സംഘടിപ്പിക്കും മുമ്പ് 2018ലെ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും ഇതര സംഭവങ്ങളിലും എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും സംഘപരിവാര്‍ സംഘടനകള്‍ അത് പ്രചരണായുധമാക്കുകയും ചെയ്തതോടെയാണിത്.
അയ്യപ്പ സംഗമത്തിനു പിന്നില്‍ സര്‍ക്കാരിന് സാമ്പത്തിക താല്പര്യം ഉണ്ടെന്ന അര്‍ഥത്തിലാണ് പുതിയ സംഘപരിവാര്‍ പ്രചാരണം. സ്പോ്ണ്സര് ചെയ്യുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രവിലേജ് കാര്‍ഡ് നല്‍കാനുളള നീക്കം കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ശബരിമലയുടെ വികസനത്തിന് എന്ന നിലയില്‍ മൂന്നുകോടിയ്ക്കു മുകളില്‍ നല്‍കുന്നവര്‍ക്ക് ഡയമണ്ട് കാര്‍ഡും മൂന്നുകോടി വരെ മുടക്കുന്നവര്‍ക്ക് പ്ലാറ്റിനം കാര്‍ഡും നല്‍കാനാണ് പരിപാടി. ഇങ്ങനെ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് ശബരിമലയില്‍ താമസിക്കുന്നതിനും ദര്‍ശനത്തിനും ചില മുന്‍ഗണനകളും ഉണ്ട്.
അയ്യപ്പ സംഗമത്തിനു മുന്നൊരുക്കമെന്ന നിലയില്‍ ശബരിമല യുവതി പ്രവേശ വിരുദ്ധ സമരത്തിലെ സീരിയസല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ഇങ്ങനെ പ്രഖ്യാപിച്ചുവെങ്കിലും നടപടിയായില്ലെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. അതേ സമയം അയ്യപ്പ സംഗമത്തില്‍ ബിജെപി യെ ഒറ്റപ്പെടുത്തി ഇതര സമുദായ സംഘടനകളെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
എസ്എന്‍ഡിപി യോഗം സംസ്ഥാന സര്‍ക്കാരുമായി പൊതുവേ യോജിച്ചുപോകുന്നതിനാല്‍ എന്‍എസ്എസിനെ ഒപ്പം നിര്‍ത്താനാണ് പുതിയ നീക്കം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നും യുവതി പ്രവേശനത്തിലെ ആശങ്കകള്‍ എല്ലാം സര്‍ക്കാര്‍ പരിഹരിച്ചുവെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയന് മുന്‍ അധ്യക്ഷനുമായ സംഗീത്കുമാര്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസ സംരക്ഷണമാണ് എന്‍എസ്എസ് ലക്ഷ്യമെന്നും അതു സംരക്ഷിച്ചാല്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശന സമയത്ത് സര്‍ക്കാരിനെതിരെ ആദ്യം നാമജപഘോഷയാത്ര സംഘടിപ്പിച്ചത് എന്‍എസ്എസ് നേതൃത്വത്തിലാണ്. തുടര്‍ന്നാണ് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പടെയുളള സംഘടനകള്‍ സമര രംഗത്തേക്ക് വന്നത്. എന്നാല്‍ സംഗീത് കുമാറിന്റെ അഭിപ്രായത്തില്‍ എന്‍എസ്എസ് ആസ്ഥാനത്തിന്റെ പ്രതികരണം വന്നിട്ടില്ല. സ്ാധാരണ എന്‍എസ്എസ് നിലപാട് അറിയിക്കുന്നത് ജനറല്‍ സെക്രട്ടറിയാണ്.

