Spread the love

SURYA NEWS LIVE BREAKING NEWS FOLLOW UP

കോട്ടയം: ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറോട് കയര്‍ത്ത യുവാവിനെ ഏറ്റുമാനൂരില്‍ പട്ടാപ്പകല്‍ തല്ലിച്ചതച്ച എസ്എച്ച് ഒ അന്‍സലിനെതിരെ നിയമനടപടിക്ക് മാതാപിതാക്കള്‍.

വിഷാദ രോഗത്തിന് ചികിത്സിക്കുന്ന മകന്‍ അഭയ് എസ് രാജീവിനെ മൃഗീയമായി മര്‍ദിച്ച എസ് എച്ച് ഒ അന്‍സല്‍ മകനെതിരെ കൂടുതല്‍ കേസ് കെട്ടിച്ചമയ്ക്കുകയാണെന്ന് കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറി കൂടിയായ പിതാവ് രാജീവ് എസ് കെയും ഭാര്യ മായയും ആരോപിച്ചു. കോട്ടയത്ത് പ്രസ്‌ക്ലബിലെത്തി മാധ്യമങ്ങളോട് പോലീസ് ക്രൂരത വിവരിക്കുകയായിരുന്നു ഇരുവരും.

ഡിഐജിക്ക് നല്‍കിയ പരാതിയില്‍ നിഷ്പക്ഷമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം വിവാദ ഓഫീസറെ നിയോഗിച്ചു. ഇതോടെ അന്വേഷണം തകിടം മറിഞ്ഞു. ഇതേ തുടര്‍ന്ന് വിവരാവകാശ പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച മാതാപിതാക്കള്‍ അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. മാര്‍ച്ച് 20ന് നടന്ന സംഭവത്തെക്കുറിച്ച് അന്നു തന്നെ പരാതിപ്പെട്ടിരുന്നു.

കയര്‍ത്ത മകനെ കാണിച്ചുതരാമെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ പറഞ്ഞു മിനിട്ടുകള്‍ക്കുള്ളില്‍ എത്തിയ എസ്ച്ച്ഒ അതി ക്രൂരമായി പൊതുസ്ഥലത്ത് മര്‍ദിക്കുകയായിരുന്നു. ഹെല്‍മറ്റ് പിടിച്ചു വാങ്ങിയും മര്‍ദിച്ചു. പിന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ സിസിടിവി ഇല്ലാത്ത ഇടിമുറിയിലിട്ടും ചവുട്ടി. മകന്റെ ദേഹത്തെ തിണിര്‍ത്ത പാടുകളുളള ചിത്രങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

വിവരാവകാശ പ്രകാരം ലഭിച്ച വീഡിയോ രാജീവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പോലീസിനു പുറമേ എസ്‌സി എസ്ടി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.