Spread the love

ചത്തീസ്‌ഗഡിൽ മനുഷൃകടത്ത് ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. മനുഷ്യക്കടത്തിന്റെ പേരിലാണ് കേസ്. നാളെ ജാമ്യാപേക്ഷ നല്കുമെന്നാണു റിപ്പോർട്ട്. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.

ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഇവരെ തടഞ്ഞ് വച്ച് ടിടിഇയെ വിവരമറിയിച്ചു.കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്‌രംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടികളെ ദുർഗിലെ വിമൻ വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. കനത്ത മഴയെത്തുടർന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്കു ദുർഗിലെ ത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയ സംഭവത്തിൽ പ്രതിഷേധവുമായി ഇന്തൃയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ. നീതി തേടി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമീപിക്കുമെന്നും ക്രൈസ്തവർക്കെതിരെ ആവർത്തിക്കുന്ന നടപടികൾ ആശങ്കപ്പെടുത്തുന്നുവെന്നും സി.ബി.സി.ഐ അറിയിച്ചു.