Spread the love

കണ്ണൂർ ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമ എന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ.

തനിക്ക് ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല എന്നും, അവരുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും കുട്ടിയേയും വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നും ഇതിലുണ്ട്.

കൂടാതെ തന്റെ ഭർത്താവ് കമൽരാജ് എല്ലാ പീഡനങ്ങൾക്കും കൂട്ടുനിന്നുവെന്നും, മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ സാധിച്ചില്ലെന്നും പറയുന്ന യുവതി, മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നുന്നത് കൊണ്ടാണ് ജീവനൊടുക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

ഈ നാട്ടിൽ തന്നെപ്പോലെയുള്ള പെൺ കുട്ടികൾക്ക് നീതി കിട്ടില്ലെന്നും, കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും റീമയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു. ചാടിയത് ശനിയാഴ്ച്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ.

അതേസമയം റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുൻപുള്ളതാണ് ഫോൺ സംഭാഷണം. കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.