Spread the love

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി ശശി തരൂര്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടുവെങ്കിലും ആ സ്ഥാനത്തെത്തുക ബിജെപി ആശയത്തില്‍ നിന്നൊരാള്‍ തന്നെയായിരിക്കുമെന്ന് സൂചന.
പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം. ഇതിനിടയിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉടന്‍ ആളെ കണ്ടെത്തേണ്ട ചുമതലയും കൂടി ബിജെപി നേതൃത്വത്തിന് മുന്നില്‍ വന്നിരിക്കുന്നത്.

അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. വൈകിട്ടുവരെ രാജ്യസഭയില്‍ കര്‍മനിരതനായിരുന്ന ജഗ്ദീപ് ധന്‍കര്‍ പെട്ടെന്ന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത് ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചിരുന്നു. രാജ്യത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കാലാവധി പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോവുന്നത് പതിവുള്ളതല്ലെങ്കിലും ധന്‍കര്‍ കാണിച്ചത് അമിതാവേശമാണെന്ന് പറയപ്പെടുന്നു.
എന്‍ഡിഎയിലെ മുഴുവന്‍ കക്ഷികളോടും ആലോചിച്ചാണ് പശ്ചിമബാംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ധന്‍കര്‍ രാജ്യംമുഴുവന്‍ ഉറ്റുനോക്കിയ ഗവര്‍ണറായിരുന്നു.

രാംനാഥ് താക്കൂറിനോടൊപ്പം ജെപി നദ്ദ, നിതീഷ് കുമാര്‍ തുടങ്ങിയവരും ഉപരാഷ്ട്രപതി പട്ടികയിലുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നും ആഗസ്റ്റില്‍ മാറുന്ന സാഹചര്യത്തില്‍ ജെ.പി നദ്ദയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനും സാദ്ധ്യത കാണുന്നുണ്ട്. രാജ്നാഥ് സിംഗിനെ പരിഗണിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഈമാസം 26 ന് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബി ജെ പി നേതൃത്വം തുടക്കം കുറിച്ചിട്ടുണ്ട്. ഘടകകക്ഷിനേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

അതേ സമയം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. രാംനാഥ് ഠാക്കൂറിനെ ഉപരാഷ്ട്രപതിയായി പരിഗണിക്കുന്നതിലൂടെ ഉടന്‍ നടക്കാനിരിക്കുന്ന ബിഹാര്‍ തിരെഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ ജനപിന്തുണ ലഭിക്കുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടലുകള്‍. നിലവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായ നിധീഷ് കുമാറിന്റെ അടുത്ത അനുയായിയാണ് രാംനാഥ്.