ചലച്ചിത്ര, നാടക നടിയും പിന്നണി ഗായികയും ആകാശവാണി കലാകാരിയുമായിരുന്ന സി.എസ്.രാധാദേവി (95) അന്തരിച്ചു. തിരുവനന്തപുരം പുളിമൂട് ഉപ്പളം റോഡ് യു.ആര്.ആര്.എ 75ലായിരുന്നു താമസം. രണ്ട് ദിവസമായി രോഗബാധിതയായിരുന്നു.. തിങ്കള്‍ ഉച്ചയ്ക്ക് 12.45 ഓടെയാണ് അന്ത്യം.
1931ല്‍ വഞ്ചിയൂര്‍ മേടയില്‍ വീട്ടില്‍ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകളായി ജനനം. 13-ാം വയസില്‍ ടി.എന്‍.ഗോപിനാഥന് നായരുടെ ‘പരിവര്‍ത്തനം’ എന്ന നാടകത്തിലൂടെയായിരുന്നു രാധാദേവിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. എന്‍.കൃഷ്ണപിള്ള, പി.കെ.വിക്രമന് നായര്‍, ഇന്ദിര ജോസഫ്, പ്രൊഫ.ആനന്ദക്കുട്ടന് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ തടസമുണ്ടായിരുന്ന കാലത്ത് സിനിമയില്‍ ബാലതാരമായി സി.എസ്.രാധാദേവി എത്തിയത് ബന്ധുവായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നിമിത്തമാണ്.. 1944ല്‍ യാചകമോഹിനി, അംബികാപതി (തമിഴ്) എന്നി സിനിമകളില്‍ ബാലനടിയായി. പിന്നീട് ചില സിനിമകളില്‍ സഹനായികയായി. സഹോദരി കണ്ണമ്മയും ആദ്യകാലത്ത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തു സജീവമായ രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശബ്ദം നല്കി.
കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളില്‍ പ്രമുഖനായിരുന്ന തിരുനയിനാര്‍കുറിച്ചി മാധവന് നായരാണ് പിന്നണി ഗാനരംഗത്തെത്തിച്ചത്. ട്രാവന്‍കൂര്‍ റേഡിയോ നിലയത്തില്‍ 1942ല്‍ സംഗീത നാടക പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി. 1949ല്‍ ആകാശവാണി തുടങ്ങിയ കാലം മുതല്‍ സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്നു. മലയാളം സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവന പരിഗണിച്ച് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, കേരള സംഗീത നാടക അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സംസ്കാരം പുത്തന്‍കോട്ട ശ്മശാനത്തില്‍ നടത്തി. ഭര്‍ത്താവ് പരേതനായ നാരായണന് നായര്‍. മകന്: നന്ദഗോപന് (റിട്ട. കയര്‍ഫെഡ്). മരുമകള്‍: ലക്ഷ്മി. പേരക്കുട്ടി: അശ്വതി.

