Spread the love

തൃശ്ശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20കാരിയെ ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ പിതാവ്.ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറയുന്നു.

എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. അർച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോൺ ചെയ്യാൻ മകളെ സമ്മതിക്കില്ലായിരുന്നു. അവൾക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല.കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോൺ

ഭര്‍തൃ വീട്ടിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. അതേസമയം സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.

അതേസമയം വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ]സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാരോണും അര്‍ച്ചനയും ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാരോണ്‍ അര്‍ച്ചനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)