Spread the love

തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 7.15 ഓടെയാണ് തൃശൂർ ചേലക്കര ഉദുവടിയിൽ അപകടം നടന്നത്. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും, എതിർവശത്തുനിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആർടിസി ബസിലെയും മറ്റ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴയെത്തുടർന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.