എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പുറത്ത് പോകുമെന്നും ജയിലിലാകുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ ഡൽഹി ചലോ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വോട്ടുമോഷണം സാധാരണ മോഷണമല്ല. ഇത് ഇന്ത്യയിലെ എല്ലാ ശബ്ദങ്ങളുടെയും മോഷണമാണ്. ഇത് രാജ്യദ്രോഹമാണ്. ഗ്യാനേഷ് കുമാർ ഇല്ലായിരുന്നുവെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആകുമായിരുന്നില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഇവിഎമ്മുകൾ വഴിയും വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുമാണ് വോട്ടുകൾ മോഷ്ടിക്കപ്പെട്ടത്.
2024ലെ തിരഞ്ഞെടുപ്പിനുശേഷം 15 ശതമാനം വോട്ടർമാർ ഒഴിവാക്കപ്പെട്ടു. അന്നത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ മൂന്ന് ശതമാനം മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. 2024ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ആർഎസ്‌എസ് രാജ്യത്തെ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ്. ജനാധിപത്യം അവസാനിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. നിങ്ങൾക്ക് എത്രത്തോളം പണമുണ്ടായാലും ഭരണഘടനയേക്കാൾ വലുതല്ല. ഭരണഘടന നിങ്ങളേക്കാൾ വലുതാണ്’- രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ചിൽ പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം മാറിയിരുന്നു. വിവിധ പാർട്ടികളുടെ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കൊടികളേന്തി രാംലീല മൈതാനിയിൽ അണിനിരന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം എ ബേബി, തേജസ്വി യാദവ്, വി ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

