Spread the love

ചേരാനല്ലൂര്‍ അപകടം: നടപടികള്‍ സംശയിച്ച് ആരോപണങ്ങളുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്

 

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ കുറ്റാരോപിതനായ കൗമാരക്കാരന്റെ പിതാവായ ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്. . അപകടം നടന്നത് മുതല്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് കുടുംബം ചേരനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

അപകടം നടന്ന ദിവസം എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. അവിടെവെച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ നിര്‍ബന്ധപൂര്‍വം ഡിലീറ്റ് ചെയ്യിപ്പിച്ചതായി അപകടദിവസം മുതല്‍ കുടുംബത്തിന് പരാതിയുണ്ട്.

അപകടസ്ഥലത്ത് ജഡ്ജി നേരിട്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ, വാഹനത്തിന് പിന്നിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ഔദ്യോഗിക ബോര്‍ഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു.