സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു പൊട്ടിത്തെറിച്ച് 9 മരണം
സ്വകാര്യ ജെറ്റ് വിമാനം ഹൈവേയ്ക്ക് സമീപം തകര്‍ന്നുവീണ് പൊട്ടിത്തെറിച്ച് ഒന്‍പത് മരണം. അമേരിക്കയിലെ തെക്കന്‍ ഫ്‌ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കണ്‍ട്രിയിലാണ് സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ വിമാനത്തിലുണ്ടായിരുന്ന ഒന്‍പതുപേരും മരിച്ചു.
ടെക്സാസിലെ ഓസ്റ്റിന്‍ ബെര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 60 മാതൃകയിലുള്ള വിമാനമാണ് തകര്‍ന്നത്. ജനവാസമേഖലയില്‍ തൊട്ടടുത്തായി വീടുകളും വാഹനങ്ങളുമുണ്ടായിരുന്ന ഭാഗത്തേക്കാണ് വിമാനം തകര്‍ന്നുവീണത്. തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലിരുന്നവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ അപകടം നടന്നതെങ്ങനെയെന്ന് വ്യക്തമാണ്.
റോഡിന് സമീപത്ത് വിമാനം പതിച്ചയിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ വാഹനങ്ങളില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വിമാനം വന്നുവീണത്. ഗതാഗത സെക്രട്ടറി സീന്‍ ഡഫി അപകടത്തെ ‘ഭയാനകമായ ദുരന്തം’ എന്ന് വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് ദേശിയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷിക്കും, ഇവരുടെ സഹായത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വിമാനം പെട്ടെന്ന് തകര്‍ന്നുവീണതിന്റെ കാരണമെന്താണെന്നോ വിമാനത്തില്‍ ആരെല്ലാമാണ് യാത്രക്കാരെന്നോ വ്യക്തമല്ല. 11 കിലോമീറ്റര്‍ ഉയരത്തില്‍ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് വിമാനം നിലതെറ്റി താഴേക്ക് പതിച്ചത്. സ്ഥലത്ത് കഴിഞ്ഞദിവസം മഴ പെയ്തിരുന്നു. ശക്തമായ മഴയും തണുപ്പേറിയ കാലാവസ്ഥയുമുണ്ടെന്നും വിമാനത്തില്‍ ഐസ് അടിഞ്ഞുകൂടുന്നെന്നും പൈലറ്റ് അറിയിച്ചിരുന്നു. തുടര്‍ന്ന് 610 മീറ്റര്‍ കൂടി ഉയരത്തില്‍ പറക്കാന്‍ അനുമതിയും തേടി. പക്ഷെ ഇതിന് സാധിച്ചില്ല. അപകടത്തിന് മുന്‍പ് മിനിട്ടില്‍ 20000 അടി വേഗത്തില്‍ താഴേക്ക് സഞ്ചരിക്കുന്നതായി മേയ് ഡേ സന്ദേശം പൈലറ്റ് നല്‍കി. അവസാനമായി ‘ഞങ്ങള്‍ താഴേക്ക് പതിക്കാന്‍ പോകുന്നു’ എന്ന സന്ദേശം നല്‍കി വിമാനം തകരുമെന്ന് പൈലറ്റ് അറിയിച്ചതും അപകടം സംഭവിച്ചു.

