മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് വിയോജിപ്പ് തുടര്‍ന്ന് തമിഴ്‌നാട്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം കടുത്ത അപകടഭീഷണി നേരിടുകയാണെന്നും പുതിയ അണക്കെട്ടു വേണമെന്നും കേരളം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉന്നയിച്ച ആവശ്യം പക്ഷേ, തമിഴ്‌നാടിന് അത്ര സ്വീകാര്യമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തമിഴ്‌നാട് അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാട് ആവര്‍ത്തിച്ചത്.
എല്ലാ ചെലവും കേരളം നോക്കാം. മുഴുവന്‍ വെള്ളവും തമിഴ്‌നാടിന് തരാം. സ്ഥലം, നിര്‍മ്മാണ മാതൃക തുടങ്ങി എല്ലാകാര്യങ്ങളും തമിഴ്‌നാടിന് തീരുമാനിക്കാം. കേരളത്തിന് സുരക്ഷയില്‍ അത്രത്തോളം ആശങ്കയുണ്ടെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, സുരക്ഷാ ആവശ്യം കേരളത്തിന്റെ സ്ഥിരം പല്ലവിയെന്ന മറുപടിയാണ് തമിഴ്‌നാട് നല്‍കിയത്. ഡാമിന് ഒരു പ്രശ്‌നവുമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും വിദഗ്ധ സമിതിയും സാക്ഷ്യപ്പെടുത്തിയതാണ്. ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവര്‍ത്തിക്കുകയും ചെയ്തു.
മധുരയിലും രാമനാഥപുരത്തുമെല്ലാം കൃഷി ഈ വെള്ളം ഉപയോഗിച്ചാണ്. പച്ചക്കറിയായും മറ്റ് ഉത്പന്നങ്ങളായും അത് കേരളത്തിലാണ് എത്തുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത തമിഴ്‌നാട് വൈദ്യുതി മന്ത്രി സി.ടി.ആര്‍.നിര്‍മ്മല്‍കുമാര്‍ പറഞ്ഞു. പിന്നീട് ചര്‍ച്ച ഉപസംഹരിച്ച മുഖ്യമന്ത്രി വിജയ്യും ഇതേനിലപാട് ആവര്‍ത്തിച്ചു. അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായമൊന്നും പറഞ്ഞില്ല. വിജയ് കൗണ്‍സില്‍ വൈസ് ചെയര്‍മാനാണ്.
തമിഴ്‌നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി മുഖ്യമന്ത്രിമാരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും പങ്കെടുത്തു. ആമുഖപ്രസംഗത്തില്‍ കേന്ദ്ര ഖനനനിയമ ഭേദഗതി, മൈസൂരുവിലെ രാത്രിയാത്ര, നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍ നിര്‍മ്മാണം, മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണ ബില്‍ എന്നിവയാണ് കേരളം ഉന്നയിച്ചത്. വിഷയാധിഷ്ഠിത ചര്‍ച്ചയിലാണ് മുല്ലപ്പെരിയാര്‍ വന്നത്.
തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ 1887ല്‍ ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ രാജ്യവുമായി 999 വര്‍ഷത്തെ കരാര്‍. 1970ല്‍ അച്ചുതമോനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി. പുതിയ ഡാം വന്നാല്‍ കരാര്‍ കാലഹരണപ്പെടും. തമിഴ്‌നാടിന് അധികാരങ്ങള്‍ ഇല്ലാതാകും. അതാണ് അവരുടെ ആശങ്ക.

