ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്ന് ഖത്തർ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തർ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി.
അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ വ്യോമപാതയിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചു.

