Spread the love

സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു. അവരുടെ വീടിന് പ്രതിഷേധക്കാർ തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.

അതേസമയം പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. 65-കാരനായ നേപ്പാള്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയെ ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.