Spread the love

സ്വര്‍ണക്കട ഉടമയില്‍നിന്നു 2.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ആരോപണ വിധേയനായി അച്ചടക്ക നടപടി നേരിടുന്ന കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.എ.സുരേഷ് ബാബു മുന്‍പും ഒന്നിലേറെ ആരോപണങ്ങളില്‍ കുടുങ്ങിയയാള്‍. കേസിലെ രണ്ടാംപ്രതിയും സുരേഷ് ബാബുവിന്റെ ഭാര്യയുമായ തൃശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍ കൊപ്പുള്ളി നുസ്രത്ത് (38) കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. നുസ്രത്ത് പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഇവര്‍ വിവാഹിതരായതെന്നതു പൊലീസ് സേനയ്ക്കുള്ളില്‍ വലിയ വിവാദമായിരുന്നു. കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയതടക്കം വിവിധ കേസുകള്‍ ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരുന്നു.

തൃശൂരില്‍ സഹകരണ വിജിലന്‍സ് ഡിവൈഎസ്പിയായിരിക്കെ 2 വര്‍ഷം മുമ്പ് ഭാര്യ നുസ്രത്ത് അറസ്റ്റിലായിരുന്നു. വിവിധ ജില്ലകളിലായി പല സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പതിനഞ്ചോളം തട്ടിപ്പു കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി അഭിഭാഷക ചമഞ്ഞും റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങളില്‍ ഇടനിലനിന്നും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും പലരില്‍ നിന്നായി വന്‍തുകകള്‍ തട്ടിയെടുത്തെന്നാണ് പരാതി. 10 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ നഷ്ടമായവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. അറസ്റ്റ് വാറന്റുകള്‍ മൂലം ഇവര്‍ പിടികിട്ടാപ്പുള്ളിയായി തുടരവെയാണു രണ്ടു വര്‍ഷം മുന്‍പു വിവാഹിതയായത്.

തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അഭിഭാഷക എന്ന ബോര്‍ഡ് വച്ചു നുസ്രത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും പരാതിയുയര്‍ന്നു. പോലീസില്‍ പരാതി ലഭിക്കുമ്പോഴൊക്കെ സ്വാധിനിച്ചു രക്ഷപ്പെട്ടു.