4 അല്ല ആകെ 10 ആനക്കൊമ്പുകള്‍, 13 ആനക്കൊമ്പ് വിഗ്രഹങ്ങള്‍, വെളിപ്പെടുത്തി മോഹന്‍ലാല്‍
കൊച്ചി: നാല് ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വച്ചതിന് വിചാരണ നേരിടുന്ന മോഹന്‍ലാലിന്റെ പുതിയ വെളിപ്പെടുത്തല്‍. ആറ് ആനക്കൊമ്പുകള്‍ കൈവശമുണ്ടെന്നാണ് താരം പറയുന്നത്. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ ആകെ ശേഖരം 10 ആനക്കൊമ്പുകളും 13 ആനക്കൊമ്പ് വിഗ്രഹങ്ങളുമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
വനം വകുപ്പ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നടന് സത്യവാങ്മൂലം നല്‍കിയപ്പോഴാണ് കുടുതല്‍ ആനക്കൊമ്പുകള്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.
‘പൂര്‍വ്വിക/പാരമ്പര്യ പിന്തുടര്ച്ച’യായി ലഭിച്ച ആറ് ആനക്കൊമ്പുകള്‍ നടന് കൊച്ചിയിലെ തേവരയിലുള്ള തന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് ജോഡി ആനക്കൊമ്പുകളും 13 ആനക്കൊമ്പ് വിഗ്രഹങ്ങളും കൈവശം വച്ചതായി പ്രഖ്യാപിക്കാന്‍ താരം നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
വിഗ്രഹങ്ങളുടെ ആകെ ഭാരം 45.76 കിലോഗ്രാം ആണ്. തിരുപ്പതി ബാലാജിയുടെ 7.86 കിലോഗ്രാം ഭാരമുള്ള വിഗ്രഹം, ശ്രീരാമ വിഗ്രഹം (7.26 കിലോഗ്രാം), ദശാവതാരം (3.97 കിലോഗ്രാം), കൃഷ്ണ വിഗ്രഹം (3.55 കിലോഗ്രാം) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആറ് ആനക്കൊമ്പുകളുടെ അളവുകളും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..
2011-ല്‍ അദ്ദേഹത്തിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് വന്യജീവി സംരംക്ഷണ നിയമവിരുദ്ധമായി കൈവശം വച്ചതായി പുറത്തുവന്നത്. പിന്നീട്, ആനക്കൊമ്പുകള്‍ക്കും വിഗ്രഹങ്ങള്‍ക്കും നല്കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.നടനെതിരെയുള്ള പ്രോസിക്യൂഷന് നടപടികള്‍ പിന്‍വലിക്കാന്‍ ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

