Spread the love

കോട്ടയം :ശബരിമലയ്ക്ക് പോകാൻ മാലയിട്ടാൽ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സിപിഎം ആ പാർട്ടിയുടെ ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിൻ്റെ ട്രയൽ റൺ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് എൻ. ഹരി.

ക്ഷേത്ര ഉത്സവങ്ങളിൽ ചെഗുവരെയെ പോലുള്ള പാർട്ടിയുടെ ഗോഡ് ഫാദർ മാരുടെ ചിത്രവുമായി അണികൾ ഉറഞ്ഞുതുള്ളുമ്പോൾ ഭരണകൂടം പുഞ്ചിരിക്കുകയാണ്. ക്ഷേത്രങ്ങളെയും വിശ്വാസി സമൂഹത്തെയും ആചാരങ്ങളെയും എന്നും അവഹേളിച്ചിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനും നേതാക്കൾക്കും ഉള്ളത്. ആ നേതൃനിരയിലെ വാസവനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ക്ഷേത്രത്തിൽ പോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന പാർട്ടിയാണ് സിപിഎം. ഗണപതി മിത്താണെന്ന് ഉദ്ഘോഷിക്കുകയും ഗണപതി ഹോമം വേദിയിലെ വിളക്കുകൾ നിന്ദ്യയോടെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും മന്ത്രിമാരുമാണ് പാർട്ടിയുടെ മുൻനിരക്കാർ. അതേസമയം നിസ്കാരത്തിന് പാർട്ടി യോഗങ്ങളിൽ സൗകര്യമൊരുക്കുകയും ചെയ്യുന്നു. പാർട്ടി കോൺഗ്രസിലും ഐക്യദാർഢ്യ വേദികളിലും പലസ്തീന്റെ പ്രതീകമായ കഫിയ അണിഞ്ഞ് പരസ്യപ്രകടനം നടത്തിയ നേതാക്കന്മാരാണ് സിപിഎമ്മിന് ഉള്ളത്.

സിപിഎം എന്ന പ്രസ്ഥാനം ഹിന്ദു വിശ്വാസത്തെ തച്ചുടയ്ക്കാനും ആക്ഷേപിക്കാനും തുടക്കം മുതൽ ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തെ നിയമസഭാ സ്പീക്കർ തന്നെ ഗണപതി ഭഗവാനെ അപഹസിച്ചത് നമ്മൾ കേട്ടതാണ്. ആ അപഹസിക്കലിനെ പാർട്ടി നേതൃത്വം പിന്തുണയ്ക്കുകയായിരുന്നു.

ഹിന്ദു ദൈവങ്ങളിലും ക്ഷേത്രാരാധനയിലും വിശ്വാസമില്ലാത്ത മന്ത്രി ധാർമികമായി ഹൈന്ദവ ആരാധനാ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒട്ടും ശരിയല്ല. ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തുകയും മറ്റു ചിലരെ സന്തോഷിപ്പിക്കലും ആണ് ദേവസ്വം മന്ത്രിയും സിപിഎമ്മും എന്നും ചെയ്യുന്നത്.