Spread the love

എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം

ആലപ്പുഴ: എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടു കൂടിയാണ് സംഭവം. കടയ്ക്കുള്ളില്‍ പുക പുറത്തേക്ക് വരുന്നത് കണ്ട് എടത്വ പള്ളിയുടെ സെക്യൂരിറ്റി ബേബി കാണുകയും ടൗണ്‍ വാര്‍ഡ് മെമ്പറും എടത്വ പള്ളിയുടെ കൈക്കാരനുമായ മനോജ് മാത്യു പുത്തന്‍വീട്ടിലിനെ വിവരം അറിയിക്കുകയും മനോജ് ഉടനെ തന്നെ കട ഉടമ സ്‌കറിയാ റ്റി.എ. (സാജു) യേയും ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

 

ഉടനെ സ്ഥലത്തെത്തിയ സാജുവും മനോജും ചേര്‍ന്ന് കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ചൂട് കാരണം ഷട്ടര്‍ മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് കടയുടെ ഷട്ടര്‍ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് തീ നിയന്ത്രിക്കാന്‍ സാധിച്ചത്. ഈ സമയം കൊണ്ട് കടക്കുള്ളിലെ സാധനങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചു.

 

ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടഉടമ സാജു പറയുന്നു. പതിനായിരത്തോളം രൂപ, ആധാരം, നിരവധി ഡോക്കുമെന്റുകള്‍, ഫ്രിഡ്ജ്, പൂമാലകള്‍, ഡെക്കേറേഷന്‍ ഐറ്റംസ്, ഫര്‍ണിച്ചറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. സമീപ കടകളിലേയ്ക്ക് തീ പടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തകഴി, തിരുവല്ല എന്നിവടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് തീ അണച്ചത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിമ്മി ജോസഫ്, ഉദ്യോഗസ്ഥരായ ഷിജിമോന്‍, സി.വി. വിനു, വിപിന്‍, പ്രദീപ്, മനു, ആര്‍.എസ്. ബിനു, മുകേഷ്‌കുമാര്‍, എസ്. മുകേഷ്, സുധീഷ്, അനില്‍കുമാര്‍, എടത്വ സിഐ അന്‍വര്‍, എസ്‌ഐ റിജോ ജോയ്, പോലീസ് ഉദ്യോഗസ്ഥരായ എസ്. പ്രദീപ്, സുജിത്ത്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.