ഭാഗവതാമൃത സത്ര വേദിയിലെത്തി ചാണ്ടി ഉമ്മനും , മറിയം ഉമ്മനുംഉമ്മൻചാണ്ടിയും മള്ളിയൂർ അച്ഛൻതിരുമേനിയുമായുണ്ടായിരുന്ന ആത്മബന്ധം വിവരിച്ചു ചാണ്ടി ഉമ്മൻ
കോട്ടയം : മള്ളിയൂരിലെ ഭാഗവതാമൃത സത്രവേദിയിലെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും സഹോദരി മറിയം ഉമ്മനും

ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തിയോടനുബന്ധിച്ച് 12 ദിവസമായി ഇന്ത്യയിലെ പ്രമുഖ ഭാഗവത പണ്ഡിതർ പങ്കെടുത്ത സത്രം മള്ളിയൂരിൽ നടന്നു വരികയായിരുന്നു.
അതിനിടെയാണ് അപ്രതീക്ഷിതമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ സഹോദരിയുമൊത്ത് മള്ളിയൂരിലെത്തിയത്.
ക്ഷേത്രദർശനം നടത്തി ചന്ദനം തൊട്ട് പുറത്തിറങ്ങിയ ചാണ്ടി ഉമ്മനെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഭാഗവത സത്രം നടക്കുന്ന പന്തലിലെത്തി ഭക്തരെ അഭിസംബോധന ചെയ്തു. ഉമ്മൻചാണ്ടിയുടെ കാലം മുതൽ മള്ളിയൂർ വലിയ തിരുമേനിയുമായുള്ള അടുത്ത ബന്ധം ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. ഇത്തരമൊരു പരിപാടി നടക്കുമ്പോൾ തങ്ങളുടെ കുടുംബത്തിന് വരാതിരിക്കാൻ കഴിയില്ല. അത്ര ആത്മബന്ധമാണ് മള്ളിയൂർ ക്ഷേത്രവുമായി ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇരുവരും സദസ്സിൽ ഇരുന്ന് പ്രഭാഷണം അല്പസമയം ശ്രവിച്ച ശേഷമാണ് മടങ്ങിയത്

