Spread the love

കോട്ടയം : കേരള കോൺഗ്രസിൻറെ പിറവിക്കും പിളർപ്പിനും പലതവണ സാക്ഷിയായ കോട്ടയത്ത് ഇരുകേരള കോൺഗ്രസ്സുകൾ ഇന്ന് യോഗം ചേരുന്നു. കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടി ജനപ്രതിനിധികളെ ആദരിക്കുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പ് ആലോചനയ്ക്കുമായാണ് പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് യോഗം. നഗരത്തിൽ തന്നെയുള്ള മാമൻ മാപ്പിള ഹാളിൽ ഉച്ചകഴിഞ്ഞാണ് പരിപാടി.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു യോഗമാണ് ഇന്ന്. യുഡിഎഫിലേക്ക് ഒരു പാലം ഇടാൻ ചെയർമാനും പ്രവർത്തകരിൽ ഗണ്യ വിഭാഗവും ആഗ്രഹിക്കുന്നതിനിടയിലാണ് കമ്മിറ്റി. പക്ഷേ ഈ വിസ്മയം സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടലോടെ തൽക്കാലം മരവിച്ച നിലയിലാണ്. ഇടതുമുന്നണി മന്ത്രിസഭയിലെ കേരള കോൺഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിനെയും ചീഫ് വിപ്പ് എൻ. ജയരാജിനെയും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും വിളിച്ചതോടെ മുന്നണി മാറ്റ നീക്കം പാളി. ഇതോടെ ചർച്ച നടന്നിട്ടില്ലെന്ന നിലപാടുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അജണ്ടയുമായി ആണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നതെങ്കിലും പ്രതിനിധികളുടെ അഭിപ്രായം കേൾക്കുക മാത്രമായിരിക്കും ഇന്ന് യോഗത്തിൽ ഉണ്ടാവുക. ഇടതുമുന്നണി നേതൃത്വം പ്രശ്നം വീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. യോഗത്തിൽ യുഡിഎഫിലേക്ക് പോകണമെന്ന് അഭിപ്രായത്തിനു മുൻതൂക്കം ലഭിക്കുകയാണെങ്കിൽ രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാൻ പതിവ് രീതിയിൽ ചെയർമാനെയോ അല്ലെങ്കിൽ മൂന്നംഗസമിതിയെയോ ചുമതലപ്പെടുത്താം. സാധാരണ നിർണായക തീരുമാനങ്ങളെടുക്കാൻ പാർട്ടി ചെയർമാനെ നിയോഗിക്കുന്ന കീഴ്‌വഴക്കമാണ് കേരള കോൺഗ്രസ് എമ്മിനുള്ളത്. റോഷി അഗസ്റ്റിൻ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത് സാധിക്കുമോ എന്നാണ് അറിയേണ്ടത്.

പിന്നിൽ നിന്ന് കുത്തി

മുന്നണി മാറ്റത്തെ അട്ടിമറിച്ച കേരള കോൺഗ്രസിലെ നേതാക്കൾക്കെതിരെ യോഗത്തിൽ വിമർശനം ഉണ്ടാകാനുള്ള സാധ്യത അധികമാണ്. കേരള കോൺഗ്രസിൽ എന്നും നേതൃത്വത്തോടാണ് കടപ്പാട്. കെഎം മാണിയുടെ പിൻഗാമിയായ ജോസ് കെ മാണിയുടെ അഭിപ്രായമാണ് പൊതുവേ പാർട്ടി സ്വീകരിക്കുക. പക്ഷേ സമീപകാലത്ത് ഇത് ആദ്യമായി കടുത്ത വിഭാഗീയത പ്രതിഫലിച്ചിരിക്കുന്നു.
ജോസ് കെ മാണിയുടെ നീക്കത്തിനെതിരായ തിരിച്ചടി ഒരു വിഭാഗം നേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയിലെ സാധാരണ പ്രവർത്തകർക്കിടയിൽ ജോസിന് അനുകൂലമായ ഒരു സഹതാപത്തിന് ഇത് വഴി വച്ചു. പാർട്ടിയിലെ തുടർന്നുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കരുത്ത് പകരുന്നത് ഈ അനുതാപ നിലപാടുകൾ ആയിരിക്കും. ജോസിന്റെ നീക്കത്തെ അട്ടിമറിച്ചവരെ ചതിയൻ ചന്തുമാർ എന്നാണ് നേതാക്കളിൽ ചിലർ സ്വകാര്യ സംഭാഷണങ്ങളിൽ വിലയിരുത്തുന്നത്.പാർട്ടി തീരുമാനത്തിന് പ്രതികൂല നിലപാട് സ്വീകരിച്ച മൂന്നുപേരും കേരള കോൺഗ്രസിൻറെ പൊതുസ്വഭാവമനുസരിച്ച് ഇനി വിമതന്മാരാണ്. ആ രീതിയിൽ യോഗത്തിൽ വിമർശനം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ രാവിലെ 11 മുതൽ 4 വരെയാണു സ്റ്റിയറിങ് കമ്മിറ്റി. ചെയർമാൻ, വൈസ് ചെയർമാന്മാർ, എംഎൽഎമാർ, ജനറൽ സെക്രട്ടറിമാർ, ഉന്നതാധികാര സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രസിഡന്റുമാർ, ക്ഷണിക്കപ്പെട്ട മുതിർന്ന അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 86 പേരാണു സ്റ്റിയറിങ് കമ്മിറ്റിക്ക് എത്തുന്നത്.