തിരുവനന്തപുരം: മക്കള്‍ തനിക്ക് ദുഷ്പേരുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യില്ല. എന്റെ രാഷ്ട്രീയത്തിനും ശീലത്തിനും നിരക്കാത്തതൊന്നും മക്കള്‍ ചെയ്യില്ല. അതില്‍ നല്ല അഭിമാനമുണ്ട്. മകന് വിവേകിന് ഇ.ഡി സമന്‍സ് ലഭിച്ചിട്ടില്ല. ഒരു അഴിമതിയും എന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയുന്നു. മകന് ഇ.ഡി സമന്‍സ് അയച്ചുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമന്‍സ് വന്നെങ്കില്‍ ക്ലിഫ്ഹൗസില്‍ വരേണ്ടേ? എന്റെ കൈയില്‍ വന്നിട്ടില്ല. ഞങ്ങളാരും കണ്ടിട്ടില്ല. മകനും അങ്ങനെയൊന്ന് കിട്ടിയതായി പറഞ്ഞിട്ടില്ല. എന്നെ മറ്റൊരു തരത്തില്‍ കാണിക്കാനും സമൂഹത്തില്‍ കളങ്കിതനായി ചിത്രീകരിക്കാനുമാണ് ശ്രമം. അങ്ങനെ ആരെങ്കിലും ചിത്രീകരിച്ചാല്‍ കളങ്കിതനാവുമോ.
മകള്‍ക്കെതിരായ ആരോപണത്തെ ചിരിച്ചുകൊണ്ടാണ് നേരിട്ടത്. അത് ഏശിയില്ലെന്ന് വന്നപ്പോള്‍ മകനെതിരെ വിവാദമുണ്ടാക്കി. ഇതൊന്നും എന്നെയോ മകനെയോ ബാധിക്കില്ല. രാഷ്ട്രീയാവശ്യത്തിന് ചില ഏജന്‍സികളെ കൊണ്ടുവന്ന് അവരിലൂടെ എന്നെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല.
മകനെ നിങ്ങളില്‍ (മാദ്ധ്യമപ്രവര്‍ത്തകര്‍) എത്രപേര്‍ കണ്ടിട്ടുണ്ടെന്നറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ അവനെ കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലിഫ്ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അവനറിയില്ല. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്നയാളാണ് മകന്. ജോലി, വീട് എന്ന പൊതുരീതിയാണ് അവന്റേത്. പൊതുപ്രവര്‍ത്തന രംഗത്തുമില്ല.

