ന്യൂഡൽഹി: ക്രൈസ്തവർക്കെതിരെ രാജൃത്ത് സംഘപരിവാർ ആക്രമണങ്ങൾ വർധിച്ച് വരുന്നതിനിടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച് പ്രാർത്ഥനകളിൽ പങ്കെടുത്തു.രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പങ്കെടുത്തത്. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. പ്രധാനമന്ത്രിയുടെ സാന്നിദ്ധൃത്തിൽ പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ എന്നിവ നടന്നു. ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന എന്നിവ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് ബൈബിൾ സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെയെന്ന് പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. യേശുക്രിസ്തുവിന്റെ വചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ക്രൈസ്തവരുമായുള്ള മഞ്ഞുരുക്കലിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുത്തുന്നു.
ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അതിനിടെ ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധൃമങ്ങളോട് പറഞ്ഞു.1.4 ബില്യൻ ജനങ്ങളുള്ള രാജ്യത്ത് ചിലരൊക്കെ തെറ്റ് ചെയ്യും. അതെല്ലാം തങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് കോൺഗ്രസും സിപിഎമ്മുമാണ്. ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിശദമാക്കി.
തങ്ങളോട് ആരെങ്കിലും പരാതി പറഞ്ഞാൽ അവരെ ചാനലുകൾക്ക് മുന്നിലെത്തിക്കുന്നതിന് പകരം അവരെ ജയിലിലാക്കാനാണ് നോക്കുക. തന്നോട് ആരെങ്കിലും പരാതി പറഞ്ഞാൽ അതാണ് ചെയ്യുക. പ്രധാനമന്ത്രി 2014 മുതൽ സ്ഥിരമായി പറയുന്നത് എല്ലാവർക്കും ഒപ്പമാണ് എന്നാണ്. മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിലും സംഘ്പരിവാറിന് എതിരെയാണ് പറയുന്നത്. ഏത് വിഷയത്തിലും സംവാദമാണ് നടക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

