Spread the love

ഷാര്‍ജ: ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകം. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

അതേസമയം വിപഞ്ചിക മണിയൻ ഭർത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. താനും നിതീഷും ഒരു വർഷമായി അകൽച്ചയിലാണെന്നും മകൾ വൈഭവി പിറന്നതിൽ പിന്നെ ഇതൊട്ടും ഇല്ലാണ്ടായെന്നും യുവതി പറയുന്നു.

അതിനിടെ പലപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് എങ്ങനെയും ഈ ബന്ധവുമായി മുന്നോട്ട് പോകണമെന്നായിരുന്നു താല്പര്യം. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി പലപ്പോഴും വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)