Spread the love

ഹൈദരാബാദ്: ഭാര്യയെ ആളുകൾ നോക്കിനിൽക്കേ ഭർത്താവ് തല്ലിക്കൊന്നു. തെലങ്കാനയിലെ വികാറാബാദ് സ്വദേശിനിയായ അനുഷ(22)യെ ആണ് ഭർത്താവ് പ്രമേഷ് കുമാർ(28) ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. പ്രമേഷ് അനുഷയെ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അനുഷയും പ്രമേഷ്‌കുമാറും എട്ടുമാസം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ഇരുവരും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു . രണ്ടുദിവസം മുമ്പ് തർക്കത്തെത്തുടർന്ന് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, പ്രമേഷ് കുമാർ അനുഷയുടെ വീട്ടിലെത്തി സംസാരിച്ചു. ഇനി തങ്ങൾ തമ്മിൽ വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനൽകി. അനുഷയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ, വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് പ്രതി ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത്.

അതേസമയം സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദമ്പതിമാർ ബൈക്കിൽനിന്നിറങ്ങുന്നതും തുടർന്ന് അനുഷ വീട്ടിലേക്ക് മുടന്തിനടക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, പ്രമേഷ് ഭാര്യ ധരിച്ചിരുന്ന ജാക്കറ്റ് പിറകിൽനിന്ന് വലിച്ചൂരി. തുടർന്ന് ഭാര്യയെ ബൈക്കിന് മുകളിലേക്ക് തള്ളിയിട്ടു. ഇതോടെ അനുഷ നിലത്തുനിന്ന് എഴുന്നേറ്റ് വീടിന് മുന്നിലിരുന്നു. ഈ സമയം അയൽക്കാരി ഇവരുടെ വീടിന്റെ താക്കോലുമായെത്തി. തുടർന്ന് താക്കോൽ വാങ്ങിയ പ്രമേഷ് ഭാര്യയെ കഴുത്തിൽപിടിച്ച് തള്ളുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയുംചെയ്തു. എന്നാൽ, ഇതിൽ എല്ലാം ദേഷ്യം വന്ന അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതോടെ പ്രകോപിതനായ പ്രമേഷ് കുമാർ ഭാര്യയെ മുഖത്തടിക്കുകയും അനുഷയുടെ വയറ്റിൽ ചവിട്ടുകയുമായിരുന്നു. പിന്നാലെ ഒരു തടിക്കഷണം ഉപയോഗിച്ച് തലയിൽ നിരന്തരം അടിച്ചു. നാട്ടുകാർ പ്രമേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാൾ ഭാര്യയെ മർദിക്കുന്നത് തുടർന്നു. ഒടുവിൽ പ്രമേഷ് മർദനം അവസാനിപ്പിച്ചതിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.