Spread the love

എന്‍.എം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പലതിന്റെയും തുടക്കവും ഒടുക്കവുമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും അതു നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. നിസാരവോട്ടുകള്‍ക്ക് എല്‍ഡിഎഫ് തോറ്റുപോയാലും വലിയ കുഴപ്പമില്ലാതെ മുഖ്യമന്ത്രിക്കും മുന്നണിക്കും മുന്നോട്ട് പോകാം. വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ ഭരണവിരുദ്ധ വികാരം ഉള്ളൂവെന്നും 2026ലെ മൂന്നാം ടേം എന്ന സ്വപ്‌നം ചോദ്യംചെയ്യപ്പെടുകയുമുള്ളൂ.

നിലവിലെ സാഹചര്യത്തില്‍ അയ്യായിരം വോട്ടില്‍ താഴെ എം. സ്വരാജ് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കണക്കാക്കുന്നത്. എല്‍ഡിഎഫിന് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്നു എം സ്വരാജ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ മണ്ഡലത്തില്‍ ശക്തമായൊരു മത്സരം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിന് ആയിട്ടുണ്ട്.

അതേസമയം, യുഡിഎഫിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തിപരമായി ഈ തെരഞ്ഞെടുപ്പ് വലിയൊരു നാഴികക്കല്ലാവാനും ആവാതിരിക്കാനും സാദ്ധ്യതയുണ്ട്.

ആര്യാടന്‍ ഷൗക്കത്ത് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുമ്പോഴും ഭൂരിപക്ഷം കുറഞ്ഞ നിലയിലാണ് ഷൗക്കത്ത് വിജയിക്കുന്നതെങ്കില്‍ അത് യുഡിഎഫിനുള്ളിലെ സതീശന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. 2026ലെ ഭരണം യുഡിഎഫ് പിടിക്കും എന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ മാര്‍ജിനോടെ യുഡിഎഫിന് ജയിച്ചേ പറ്റൂ. തട്ടിയും മുട്ടിയും കളറില്ലാത്ത വിജയമാണെങ്കില്‍ സതീശനെതിരേ കോണ്‍ഗ്രസിനുള്ളില്‍നിന്നും യുഡിഎഫിനുള്ളില്‍നിന്നും വിമര്‍ശനം ഉയരാനുള്ള സാദ്ധ്യത കൂടുതലാണ്.

ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഭാവിയും ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു.