വടകര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. ഇതിന് കമ്മിഷനും കിട്ടിയിരുന്നു.
വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്.
അതേസമയം 50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് ഇവർ നൽകിയ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
എം.ഡി.എം.എ. ഇടപാടുകാർ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൂടാതെ കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരുകയാണ്.
ഇവർ മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി.
തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ ആവശ്യക്കാർക്ക് ഇവരുടെ അക്കൗണ്ട് നൽകി.
ദീർഘകാലമായി കാവ്യയും കീർത്തനയും അടുത്ത സുഹൃത്തുക്കളാണ്. ഒരാൾകൂടി ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്. അക്കൗണ്ട് വിവരങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ ഇതിൽ വ്യക്തതവരും.

