Spread the love

തിരുവനന്തപുരം: പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞ വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും.

തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരെല്ലാവരും തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. ജനവികാരവും ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് വി.ഡി. സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിലായിരുന്നു പ്രഖ്യാപനം.