പിണറായിയെ നേരിടാന്‍ ഷാഫി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്നും നാളെയുമായി അന്തിമരൂപം
കോഴിക്കോട്: മൂന്നാമതും എല്‍ഡിഎഫിനെ നയിക്കുന്ന ക്യാപ്ടന്‍ പിണറായി വിജയനെ നേരിടാന്‍ കോ്ണ്‍ഗ്രസ് യുവ നേതാക്കളെ തന്നെ പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ നാല് എംപിമാരെ മത്സരിപ്പിക്കാനാണ് സാധ്യത. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകും. എന്നാല്‍ എംപി മാര്‍ മത്‌സരിക്കുന്നതിനോട് കോ്ണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
ഹാട്രിക് വിജയത്തിനായി മത്സരിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയനെ നേരിടാന്‍ ഷാഫി പറമ്പില്‍ എംപിയെ നിയോഗിക്കാനാണ് ആലോചന. കടുത്ത മത്സര പ്രതീതി വന്നാല്‍ പിണറായിയെ മണ്ഡലത്തില്‍ തളച്ചിടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 2016ല്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 56 ശതമാനവും 2021 ല്‍ 59 ശതമാനവും നേടിയാണ് ഇടതുപക്ഷ മണ്ഡലമായ ധര്‍മടത്ത് പിണറായി വിജയിച്ചത്.
അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച്ച നടക്കും. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എഐസിസി നേതൃത്വമാണ് കൈക്കൊള്ളുക.
കണ്ണൂര്‍ എംപിയും കെപിസിസി മുന്‍ അദ്ധ്യക്ഷനുമായ കെ സുധാകരന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാനത്ത് എംപിമാര്‍ ആരും മത്സരിക്കുന്നതിനോടും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല.
വടകര എംപി ഷാഫി പറമ്പില്‍ കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ചേക്കും. അത്തരത്തിലൊരു ചര്‍ച്ച ഡല്‍ഹി കേന്ദ്രീകരിച്ച് പുരോഗമിക്കുന്നുണ്ട്. കോഴിക്കോട് എംപി എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് കോന്നിയിലും ജനവിധി തേടാനുള്ള സാദ്ധ്യതയാണുള്ളത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. എംപി മാര്‍ക്ക് ഇളവ് ലഭിച്ചാല്‍ കെ,സി വേണുഗോപാലും മത്സരിച്ചേക്കും.

