Spread the love

ഛത്തീസ്ഗഡില്‍ മനുഷ്യകടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഹര്‍ജി തള്ളിയ സെഷന്‍സ് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയാല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു കേരള എംപിമാര്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യമാകെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ഇരമ്പുകയാണ്. കേരളത്തിലെ ബിജെപി നേതൃത്വമാകട്ടെ കടുത്ത പ്രതിസന്ധിയിലുമായി. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട വിഷയത്തില്‍ ഇടപ്പെട്ടത്

വിചാരണക്കോടതിയെ സമീപിക്കുന്നതില്‍ അവ്യക്തതയുള്ളതിനാല്‍ ജാമ്യം തേടി ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയെത്തന്നെ സമീപിക്കാനാണു നീക്കം. ഛത്തീസ്ഗഡ് മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ അമൃതോ ദാസാകും കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരാകുക. അഭിഭാഷകനുമായി റായ്പുര്‍ വികാരി ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ പൂമുറ്റവും റോജി എം.ജോണ്‍ എംഎല്‍എയും ചര്‍ച്ച നടത്തി. ഇതിനകമുണ്ടായ രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. ഹൈക്കോടതി നടപടി വൈകാമെന്നതുകൊണ്ടാണ് ഒപ്പം വീണ്ടും വിചാരണക്കോടതിയെ സമീപിക്കാന്‍ അമിത് ഷാ എംപിമാരോടു നിര്‍ദേശിച്ചത്.

‘മനുഷ്യക്കടത്ത് കുറ്റം’ എന്‍ഐഎയുടെ പരിധിയിലാണെന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിലപാടാണ് ജാമ്യാപേക്ഷ തള്ളാന്‍ ഇടയാക്കിയത്. മനുഷ്യക്കടത്തു കുറ്റം എന്‍ഐഎ അന്വേഷിക്കണമെങ്കില്‍ കേന്ദ്രം തീരുമാനിക്കണം. സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഈ കേസ് എന്‍ഐഎയ്ക്കു വിടുന്നത് ആലോചിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.