വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപ് സ്വയം യേശുക്രിസ്തുവായി അവതരിച്ച് പ്രചരിപ്പിച്ച ചിത്രം വിവാദമായതോടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ നിന്ന് പിൻവലിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ചിത്രത്തിനെതിരെ സ്വന്തം അനുയായികളിൽ നിന്നുൾപ്പെടെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇറാൻ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത പോപ്പ് ലിയോ പതിനാലാമനെ വിമർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ഈ വിവാദ പോസ്റ്റ്.
അതേസമയം, വിവാദ ചിത്രത്തിന് വിചിത്ര വിശദീകരണവുമായി ട്രംപ് രംഗത്തെത്തി. ‘യേശുവായല്ല, ഒരു ഡോക്ടറായാണ് എന്നെ അതിൽ ചിത്രീകരിച്ചത്. ജനങ്ങളെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറായാണ് ഉദ്ദേശിച്ചത്. ഞാൻ ജനങ്ങളെ സുഖപ്പെടുത്താറുണ്ട്, അവരെ മികച്ച രീതിയിൽ മാറ്റാറുണ്ട്. ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തത്’ -ട്രംപ് പറഞ്ഞു.
വെള്ള വസ്ത്രമണിഞ്ഞ ട്രംപ്, ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ നെറ്റിയിൽ കൈവെച്ച് സുഖപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രം. യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ ചിത്രങ്ങളോട് ഇതിന് സാമ്യമുണ്ടായിരുന്നു. സ്റ്റാച്യു ഓഫ് ലിബർട്ടി, യുഎസ് പതാക, യുദ്ധവിമാനങ്ങൾ, കഴുകൻ എന്നിവയ്ക്ക് പുറമെ പ്രാർത്ഥിക്കുന്ന സ്ത്രീയും നഴ്സും സൈനികനും ട്രംപിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നു.
ചിത്രത്തിനെതിരെ ക്രൈസ്തവ സംഘടനകളിൽനിന്നും വിശ്വാസികളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ദൈവത്തെ പരിഹസിക്കരുതെന്നും ഈ ചിത്രം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും വിവിധസംഘടനകൾ ചൂണ്ടിക്കാട്ടി. എന്നാൽ മാർപ്പാപ്പക്കെതിരെ വീണ്ടും വിമർശനമഴിച്ചുവിട്ട് ട്രംപ് രംഗത്ത് വന്നു.
“കത്തോലിക്ക സഭയുടെ ആഗോള നേതാവ് ജോലി വളരെ നല്ല രൂപത്തിൽ ചെയ്യുന്നതായി കരുതുന്നില്ലെന്നും അദ്ദേഹം ഏറെ ലിബറൽ ആയ വ്യക്തിയാണെന്നും ട്രംപ് വിമർശിച്ചു. തീവ്ര ഇടതുപക്ഷത്തെ താലോലിക്കുന്നത് മാർപാപ്പ നിർത്തണമെന്നും തന്റെ സമൂഹ മാധ്യമമായ ‘ദ ട്രൂത്തി’ലെ ദീർഘമായ കുറിപ്പിൽ ട്രംപ് നിർദേശിച്ചു. ‘താൻ പോപ് ലിയോയുടെ ആരാധകനല്ല. കുറ്റകൃത്യങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് ദുർബലമാണ്, എന്നാൽ വിദേശനയത്തിൽ ഭയാനകവും. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അംഗീകരിക്കുന്ന ഒരു പോപ്പിനെ എനിക്ക് ആവശ്യമില്ല -ട്രംപ് ട്രൂത്തിൽ കുറിച്ചു.
അതേസമയം, ട്രംപിനെതിരെ നിലപാട് മയപ്പെടുത്താൻ മാർപ്പാപ്പ തയ്യാറായിട്ടില്ല. താൻ ട്രംപിനെ ഭയക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള വത്തിക്കാന്റെ അഭ്യർഥനകൾ സുവിശേഷത്തിൽ വേരൂന്നിയതാണെന്നും അൾജീരിയയിലേക്കുള്ള യാത്രക്കിടെ പോപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിൽ ഏർപ്പെടാൻ എനിക്ക് ഉദ്ദേശമില്ല. കാര്യങ്ങൾ വായിക്കുന്നവർക്ക് സ്വന്തമായി നിഗമനങ്ങളിൽ എത്താം’ -അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ധാരാളം പ്രാർഥനകൾ നടത്തിയാലും ഞാൻ കേൾക്കില്ല, നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു’ എന്ന ബൈബിൾ വചനവും അദ്ദേഹം പരാമർശിച്ചു. 10ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന് പുറപ്പെടുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 1029 കിലോമീറ്ററുകൾ ദൂരം പിന്നിട്ട്, അൾജീരിയയിലെത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു ആവേശകരമായ സ്വീകരണം. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയും സൈനികനുമായിരുന്ന ഹൗറി ബൗമെഡിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയെ അപ്പസ്തോലിക ന്യൂൺഷ്യോ മോൺസിഞ്ഞോർ ഹാവിയർ ഹെരേര കൊറോണയും, പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളിൽ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവൻ, അബ്ദെൽമഡ്‌ജിദ് തേബൂൺ ഹാർദ്ദവമായി സ്വാഗതമരുളി.
പാപ്പയോടുള്ള ആദരസൂചകമായി ഇരുപത്തിയൊന്നു തവണ ആചാര വെടി മുഴക്കി. തുടർന്ന് പ്രസിഡന്റുമായി ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തുകയും, വത്തിക്കാന്റെയും, അൾജീരിയയുടെയും ഔദ്യോഗിക പ്രതിനിധികൾ പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഔദ്യോഗിക വരവേല്‍പ്പിന് ശേഷം രക്തസാക്ഷികളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന, മഖാം എഷാഹിദ് എന്ന സ്ഥലത്തേക്ക് കാറിൽ യാത്ര തിരിച്ചു.

