സംസ്ഥാനത്ത് ഹര്‍ത്താല്‍ പതിവു പോലെ പൂര്‍ണം. കെഎസ്ആര്‍ടിസിയും പൊതുവാഹനങ്ങളും ഇല്ല
കേന്ദ്ര നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന് സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. കേരളത്തില്‍ പതിവു പോലെ പണിമുടക്ക് പൂര്‍ണമാണ്. വാഹനങ്ങള്‍ ഓടുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരില്ല. ഹര്‍ത്താല്‍ ആഘോഷമാക്കുകയാണ് ഒരു വിഭാഗം.അതേസമയം, പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്. കെഎസ്ആര്‍ടിസിയും പണിമുടക്കി. സൈറ്റില്‍ ബസുണ്ടെങ്കില്‍ വിളിച്ചു ചോദിച്ചാല്‍ സര്‍വീസ് ഇല്ലെന്നു മറുപടി കിട്ടും.
ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്.ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നത്.
പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സി, ഓട്ടോ തൊഴിലാളികളും പണിമുടക്കും. ഇതിനാല്‍ സംസ്ഥാനത്ത് പൊതുഗതാഗതം തടസ്സപ്പെടും. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂര്‍ണമാകുമെന്നാണ് സംഘടനകള്‍ പറയുന്നത്.

